LiveTV

Live

Kerala

കരിപ്പൂർ വിമാനത്താവളത്തിന് വീണ്ടും അവഗണന

കരിപ്പൂർ വിമാനത്താവളത്തിന് വീണ്ടും അവഗണന
Summary
വിമാനത്താവളത്തിന്റെ അഗ്നിശമന കാറ്റഗറി എട്ടിൽ നിന്ന് ഏഴായി കുറച്ചു. ഇതോടെ വിമാനത്താവളത്തിൽ ഇടത്തരം വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യത മങ്ങി.

കരിപ്പൂർ വിമാനത്താവളത്തിന് വീണ്ടും അവഗണന. വിമാനത്താവളത്തിന്റെ അഗ്നിശമന കാറ്റഗറി എട്ടിൽ നിന്ന് ഏഴായി കുറച്ചു. ഇതോടെ വിമാനത്താവളത്തിൽ ഇടത്തരം വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യത മങ്ങി.

നവീകരണം പൂർത്തിയാക്കി കരിപ്പൂർ വിമാനത്താവളം ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസിന് ഒരുങ്ങുന്നതിനിടെയാണ് വലിയ തിരിച്ചടിയുണ്ടായത്. റൺവെ നവീകരണത്തിന്റെ ഭാഗമായി 2014ല്‍ വിമാനത്താവളത്തിന്റെ അഗ്നിശമന സുരക്ഷാ കാറ്റഗറി ഒന്‍പതിൽ നിന്നും എട്ടാക്കിയിരുന്നു. ബോയിങ് 747, 777, എയർബസ് 330 തുടങ്ങി കോഡ് ഇ ഗണത്തിൽപെടുന്ന വിമാനങ്ങൾ അന്നുമുതലാണ് നിർത്തലാക്കിയത്. തുടർന്ന് കാറ്റഗറി എട്ടിൽ രണ്ട് വർഷമായി തുടർന്ന വിമാനത്താവളം നവീകരണം പൂർത്തിയാക്കി ഒന്‍പതിലേക്ക് തന്നെ മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എയർപോർട്ട് അതോറിറ്റിയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ ഗൂഢ നീക്കങ്ങളുടെ ഭാഗമായി കാറ്റഗറി ഏഴിലേക്ക് വിമാനത്താവളത്തെ തരം താഴ്ത്തിയെന്നാണ് ആരോപണം.

വിമാനത്താവളത്തിന്റെ കാറ്റഗറി ഏഴാക്കണമെന്നാവശ്യപ്പെട്ട് എയർപോർട്ട് അതോറിറ്റിയുടെ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കഴിഞ്ഞ മാസം പതിനഞ്ചിനാണ് കോഴിക്കോട് എയർപോർട്ട് അതോറിറ്റി ഡയറക്ടർ കെ ശ്രീനിവാസ റാവു കത്തയച്ചത്. തുടർന്ന് ഇതിന് അനുമതി നൽകുകയായിരുന്നു. കാറ്റഗറി എപ്പോൾ വേണമെങ്കിലും ഉയർത്താൻ കഴിയുമെന്നും നിലവിലെ സാഹചര്യത്തിൽ കാറ്റഗറി ഏഴാണ് അനുയോജ്യമെന്നുമാണ് എയർപോർട്ട് അതോറിറ്റിയുടെ വിശദീകരണം.

കാറ്റഗറി എട്ട് പ്രകാരം വിമാനത്താവളത്തിൽ ഒരു ഷിഫ്റ്റിൽ വേണ്ട കുറഞ്ഞ ജീവനക്കാരുടെ എണ്ണം ഇരുപത്തിനാലെങ്കിൽ കാറ്റഗറി ഏഴിൽ ഇത് പതിനേഴാണ്. എന്നാൽ ചെലവ് കുറക്കാനെന്ന പേരിൽ വിമാനത്താവളത്തിൻറെ വികസന സാധ്യതകളെ തുരങ്കം വച്ച് മറ്റു സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനാണ് ഈ നീക്കമെന്നാണ് ആരോപണം.