LiveTV

Live

Kerala

കൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം
Summary
കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിന്റെ വാഹനമാണ് മറിഞ്ഞത്. ബസില്‍ 6 കുട്ടികള്‍ ഉണ്ടായിരുന്നു. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വണ്ടി മറിഞ്ഞത്.

കൊച്ചി മരടിൽ സ്​കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക്​ മറിഞ്ഞ്​ രണ്ട് വിദ്യാർഥികൾ അടക്കം മൂന്നു ​പേർ മരിച്ചു. മരട് ന്യൂക്ലിയസ് മാളിന് സമീപമുള്ള കിഡ്​സ്​ വേൾഡ്​ ഡേ കെയർ സെന്‍ററിലെ വിദ്യാർഥികളായ വിദ്യാലക്ഷ്മി, ആദിത്യൻ, സ്കൂൾ ആയ ലതാ ഉണ്ണി എന്നിവരാണ് മരിച്ചത്. വാനില്‍ എട്ട് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പകല്‍ മൂന്നരയോടെയായിരുന്നു അപകടം.

മരട് കിഡ്​സ്​ വേൾഡ്​ ഡേ കെയർ കേന്ദ്രത്തില്‍നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. സ്കൂളിൽ നിന്ന് 10 കുട്ടികളുമായി യാത്ര പുറപ്പെട്ട വാനിൽ അപകടസമയത്ത് കുട്ടികളക്കം 5 പേരാണ് ഉണ്ടായിരുന്നത്​. വളവ് തിരിഞ്ഞ വാൻ മഴയെ തുടർന്ന് നനഞ്ഞു കിടന്ന റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു. കാട്ടിത്തറ റോഡിലെ സംരക്ഷണ ഭിത്തിയില്ലാത്ത ചേറുനിറഞ്ഞ അയനി ക്ഷേത്രകുളത്തില്‍ വാന്‍ ഭാഗികമായി മുങ്ങി. നാട്ടുകാർ വാനിന്‍റെ പിൻഭാഗത്തെ ചില്ല് തകർത്താണ് എല്ലാവരെയും പുറത്തെടുത്തത്.

രക്ഷപ്പെട്ട ഡ്രൈവർ മരട് സ്വദേശി ബാബുവിനെ മരട്​ പീസ് മിഷൻ ആശുപത്രിയിലും കുട്ടിയെ വൈറ്റില വെൽകെയർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറെ ഐ.സി.യുവിലേക്ക് മാറ്റി. രണ്ടു പേരും അപകടനില തരണം ചെയ്തു വരുന്നതായാണ് വിവരം. രക്ഷപ്പെട്ട കുട്ടികളെ അപകടസ്ഥലത്തിന് സമീപത്തെ വീട്ടിലേക്ക് മാറ്റി. കുട്ടികളുടെ മാതാപിതാക്കൾ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. മുങ്ങിമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് കമീഷണർ തീരുമാനിച്ചിട്ടുണ്ട്.