LiveTV

Live

Kerala

"ഭയപ്പെടുത്തി നിങ്ങള്‍ എത്രകാലം മുന്നോട്ടുപോകും?" ചിന്മയ മാനേജ്‍മെന്റിന് പുറത്താക്കപ്പെട്ട ലൈബ്രേറിയന്റെ തുറന്നകത്ത്

"ഭയപ്പെടുത്തി നിങ്ങള്‍ എത്രകാലം മുന്നോട്ടുപോകും?" ചിന്മയ മാനേജ്‍മെന്റിന് പുറത്താക്കപ്പെട്ട ലൈബ്രേറിയന്റെ തുറന്നകത്ത്
Summary
അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന പരാതിയുമായി കണ്ണൂര്‍ ചാലയിലെ ചിന്മയ വിദ്യാലയത്തിലെ ലൈബ്രേറിയന്‍ രംഗത്ത്.

അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന പരാതിയുമായി കണ്ണൂര്‍ ചാലയിലെ ചിന്മയ വിദ്യാലയത്തിലെ ലൈബ്രേറിയന്‍ രംഗത്ത്. ചിന്മയ വിദ്യാലയത്തിലെ ലൈബ്രേറിയന്‍ സീമ അഭിലാഷിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കേരള അണ്‍ എയിഡഡ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ് യൂണിയന്‍ മെമ്പര്‍ഷിപ്പ് എടുത്തശേഷം യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നുവെന്നും യൂണിയനിലേക്ക് ജീവനക്കാരെയും അധ്യാപകരെയും സംഘടിപ്പിക്കുന്നുവെന്നും പറഞ്ഞാണ് തനിക്കെതിരെ മാനേജ്മെന്‍റ് പ്രതികാര നടപടി തുടങ്ങിയതെന്ന് സീമ പറയുന്നു. സ്ഥിരം നിയമനമെന്ന നിലയില്‍ 2009ല്‍ ജോലിയില്‍ പ്രവേശിച്ച സീമ, താന്‍ നേരിട്ട മാനസിക പീഡനങ്ങള്‍ തുറന്ന കത്തിലൂടെ വിശദീകരിച്ചു..

സീമയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാമി ചിന്മയാനന്ദൻ ഏറെ ബഹുമാന്യനാണ്. ഏവരും ഇഷ്ടപ്പെടുന്ന, സ്നേഹത്തോടെ മാത്രം കാണുന്ന ആദരണീയവ്യക്തിത്വം. എന്നാൽ വേദനയോടെ പറയട്ടെ, സ്വാമിജിയുടെ പേരിലുള്ള ചിന്മയ മിഷന്റെ ബ്രാൻഡ് നെയിം ഉപയോഗിച്ച് നടത്തുന്ന കണ്ണൂർ ചിന്മയ വിദ്യാലയ മാനേജ്മെന്റിന്റെ തൊഴിൽ പീഢനത്തിന് വിധേയയായ ഒരാളാണ് ഞാൻ. ആരാധ്യനായ ചിന്മയാനന്ദ സ്വാമിയുടെ പേരിനുപോലും കളങ്കം ചാർത്തുന്ന രീതിയിൽ കണ്ണൂർ ചിന്മയ മിഷന്റെ പേരിൽ സെക്രട്ടറി കെ.കെ.രാജന്റെ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ-മാനസിക പീഡനങ്ങളിൽ ചിലത് മാത്രം മിഷൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് ഈ കുറിപ്പ്.

2009 ഒക്ടോബർ ഒന്നിനാണ് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയത്തിൽ ലൈബ്രേറിയനായി ഞാൻ ജോയിൻ ചെയ്യുന്നത്. ശമ്പള സ്കെയിലിൽ സ്ഥിരം നിയമനമായിരുന്നു എന്റേത്.

ആദ്യത്തെ മൂന്നു നാല് വർഷങ്ങൾ മാനേജ്മെന്റിന്റെ പ്രിയപ്പെട്ട ആളായിരുന്നു ഞാൻ. സ്കൂൾ പരിപാടികളിലെ അനൗൺസറും സംഘാടകയുമൊക്കെയായിരുന്നു. അതിനുശേഷം പ്രിൻസിപ്പൽ സുഗീതാ രാജന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പീഡനം തുടങ്ങി. യൂണിയൻ മെമ്പർഷിപ്പ് എടുത്ത ശേഷമായിരുന്നു ഇത്. ഒരിക്കൽ ക്ലാസ് ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ കുട്ടികൾക്കൊപ്പം ഇരുന്നിടത്തുനിന്ന് എന്നോട് എഴുന്നേറ്റ് പോകാൻ പറഞ്ഞു. 40 വർഷമായി ലൈബ്രറി ടീച്ചർ കുട്ടികളുടെ ക്ലാസ് ഫോട്ടോയിൽ ഇരിക്കാറുണ്ട്. ഞാനും മൂന്നുവർഷം ഇരുന്നതാണ്. ഒരു അധ്യാപകനെ വിളിച്ച് എന്നോട് ഫോട്ടോ സെഷനിൽ ഇരിക്കാൻ പാടില്ലെന്ന് പറയിക്കുകയായിരുന്നു. എന്റെ കുട്ടികളുടെയും മറ്റധ്യാപകരുടെയും മുന്നിൽ ഞാൻ അപമാനിതയായ നിമിഷങ്ങൾ.

കേരള അൺ എയിഡഡ് ടീച്ചേർസ് ആന്റ് സ്റ്റാഫ് യൂണിയൻ മെമ്പർഷിപ്പ് എടുത്തശേഷം, യൂണിയൻ പ്രവർത്തനം നടത്തുന്നുവെന്നും യൂണിയനിലേക്ക് ജീവനക്കാരെയും അധ്യാപകരെയും സംഘടിപ്പിക്കുന്നുവെന്നും പറഞ്ഞ് എന്നെ കണ്ണൂർ തളാപ്പിലെ ചിന്മയ ബാലഭവനിലേക്ക് മാറ്റി.

പ്രതികാര നടപടികൾ ഓരോന്നായി തുടങ്ങുകയായിരുന്നു. ഹെഡ്മിസ്ട്രസ് ഗിരിജ മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള പീഢനങ്ങൾ. ഞാൻ വന്ന ദിവസം മുതൽ ഒരു പിരിയഡും ഫ്രീ നൽകാതെ അവർ സബ്സ്റ്റിറ്റ്യൂഷൻ ഇട്ടു. മാനേജ്മെന്റിന് വിരോധം ഉള്ളവർക്ക് സ്ഥിരം കൊടുക്കുന്ന പണി അങ്ങിനെ എനിക്കും കിട്ടി.

മാസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ ആരോപണം. ചാല ചിന്മയ സ്കൂളിലെ കുറച്ചു പുസ്തകങ്ങൾ കാണാനില്ല. അതിന്റെ പണം അടക്കണം. നോട്ടീസ് തന്നു. പിറ്റേന്ന് മറുപടി നൽകിയില്ലെങ്കിൽ സൈൻ ചെയ്യാൻ വിടില്ല എന്നായി. മൂന്ന് ദിവസം പുറത്തു നിർത്തിച്ചു. സ്റ്റാഫ് റൂമിൽ കയറ്റാതെ വരാന്തയിലെ കസേരയടക്കം എടുത്തുമാറ്റി. പ്രതിഷേധിച്ച് ഞാൻ നിലത്തിരുന്നു.

തുടർന്ന് മറ്റ് സ്റ്റാഫുകളോട് എന്നോട് മിണ്ടരുതെന്ന് വിലക്കി. ഞാൻ ആരോടെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ ഒളിഞ്ഞുനിന്ന് കേൾക്കുവാൻ ആൾക്കാരെ ഏർപ്പാടാക്കി.

സ്കൂളിൽ വന്ന ദിവസം പോലും ലീവ് മാർക്ക് ചെയ്യാൻ തുടങ്ങി. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യുമ്പോൾ മോശമായി സംസാരിച്ചെന്ന രീതിയിലാക്കിമാറ്റി. ലീവ് എടുക്കുന്ന ദിവസം എന്റെ ലൈബ്രറിയും മേശയും തെരയുക; അന്ന് ചിന്മയ സ്കൂളിൽ പഠിച്ചിരുന്ന നാലാം ക്ലാസുകാരനായ മകനെ ഭീഷണിപ്പെടുത്തി എന്തുകൊണ്ട് ലീവ് എടുത്തു എന്ന് ചോദിക്കുക ഇതൊക്കെ ആയിരുന്നു ഗിരിജാ മാഡത്തിന്റെ പതിവ്. യൂണിയൻ സംബന്ധമായ എന്തെങ്കിലും പേപ്പറോ മെമ്പർഷിപ്പ് ഫോമോ കിട്ടുമോ എന്നതായിരുന്നു മേശ തെരയലിന്റെ ഉദ്ദേശ്യം. ഒന്നും കിട്ടാത്തപ്പോൾ അതിൽനിന്ന് വൃത്തികെട്ട ബുക്കുകൾ, വിസ്പർ പാഡ് എന്നിവയൊക്കെ കിട്ടിയെന്ന് മറ്റ് അധ്യാപകരോട് പ്രചരിപ്പിച്ചു.

എനിക്ക് മാനസികരോഗമാണെന്നായിരുന്നു മറ്റൊരു പ്രചരണം. ഇക്കാര്യം രാജൻ സർ നേരിട്ട് പലരോടും പറഞ്ഞതായി ഞങ്ങളറിഞ്ഞു. സ്കൂൾ ലൈബ്രറിയിലെ രണ്ടുലക്ഷം രൂപയുടെ ബുക്ക് അടിച്ചു മാറ്റിയെന്ന് രാജൻ സർ നേരിട്ട് പലരോടും പറഞ്ഞു. സ്കൂളിൽ ക്യാമറ ഇരിപ്പുണ്ട്. അവിടെ നിന്ന് എങ്ങനെ പുസ്തകം എടുത്തു മാറ്റി എന്നാണ് അദ്ദേഹം പറയുന്നത്.

എല്ലാ സ്റ്റാഫും എന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ബാലഭവൻ ലൈബ്രറി ഇരുട്ടുമുറിയിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റപ്പെട്ടു.
എന്നെ പീഡിപ്പിക്കാൻ ബാലഭവൻ കുട്ടികൾക്ക് ലൈബ്രറി നിഷേധിച്ചു. ലൈബ്രറിയിൽ ഞാൻ മാത്രമായിരുന്നു പിരിയോഡിക്കൽസ് വായിക്കാറുള്ളത്. 40 വർഷമായി അവ സബ്സ്ക്രിപ്ഷൻ ചെയ്തുവരികയായിരുന്നു. എന്നാൽ ഞാൻ വായിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അത് നിർത്തി.

ലഞ്ച് ബ്രേക്കിന് പുറത്തു പോകുമ്പോൾ, അനധികൃതമായി തോന്നിയ സമയത്ത് പുറത്ത് പോകുന്നുവെന്ന് പ്രചരണം. സ്കൂളിലെ ലേഡീസ് സ്റ്റാഫിന് മാത്രമായിരുന്നു ലഞ്ച് ബ്രേക്ക് നിരോധനം.

രണ്ടാം ശനിയാഴ്ചകളും സർക്കാർ അവധി ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസില്ലാഞ്ഞിട്ട് പോലും അധ്യാപകരെ വൈകിട്ട് വരെ വെറുതെ ഇരുത്തുക, രക്ഷിതാക്കളിൽ നിന്ന് പരാതി എഴുതി വാങ്ങിച്ച് ഇഷ്ടമില്ലാത്ത അധ്യാപകരെ അപമാനിക്കുക, ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ യൂണിറ്റ് ടെസ്റ്റ് പേപ്പർ പോലും കറക്ഷൻ, ചെക്കിംഗ്, സൂപ്പർ ചെക്കിംഗ് എന്നിങ്ങനെ 3 തവണ പരിശോധന നടത്തിക്കുക, പ്രസവാവധിയും മറ്റും കഴിഞ്ഞു വരുന്നവർക്ക് സർവീസ് ബ്രേക്കാക്കി മാത്രം പുനർ നിയമനം നൽകുക എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് ചിന്മയ വിദ്യാലയയിൽ നടക്കുന്നത്. ഈ വർഷം തങ്ങളുടെ കണ്ണിൽ കരടായ രണ്ട് അധ്യാപകരെ ഇവർ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടമാവുമെന്ന ഭയം കാരണം ഇത്തരം നെറികേടുകളോട് ആരും പ്രതികരിക്കാതിരിക്കുകയാണ്.

ഡ്രസ് കോഡ് എന്ന പേരിൽ ഒരുവർഷം 2 പട്ടുസാരി വാങ്ങാൻ പറയും. താങ്ങാനാവാത്ത വിലയുള്ള സാരി തന്നെ നിർബന്ധിതമായി അടിച്ചേൽപ്പിക്കും. പ്രൈസ്സ് ടാഗിലെ അതേ വില തന്നെ ഈടാക്കും. സ്കൂൾ പരിപാടികൾ വരുമ്പോൾ രണ്ടോ മുന്നോ ദിവസം മാത്രമേ ഇത് ഉപയോഗിക്കാനാവൂ. മറ്റ് ദിവസങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വന്നപ്പോൾ എന്നോട് കടുത്ത പകയായി.

യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയതോടെ എനിക്ക് പിരിച്ചുവിടൽ നോട്ടീസ് വന്നു. സിബിഎസ്ഇ നിർദേശാനുസരണം ഒരു തസ്തിക അധികമായി വന്നെന്നും അതിനാൽ ഒന്ന് നിർത്തേണ്ടിവന്നെന്നും പറഞ്ഞായിരുന്നു ആദ്യത്തെ പിരിച്ചുവിടൽ. ഒരേ സ്കൂൾ ലൈബ്രറിയിൽ രണ്ട് ലൈബ്രേറിയൻ തസ്തിക അനുവദനീയമല്ലെന്ന വാദമാണുയർത്തിയത്. മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ സിബിഎസ്ഇ നിയമപ്രകാരം എത്ര ലൈബ്രേറിയന്മാർ വേണമെന്നത് പരിശോധിക്കാവുന്നതേയുള്ളൂ. എന്റെ ജൂനിയറായ ലൈബ്രേറിയനെ നിലനിർത്തിയായിരുന്നു പിരിച്ചുവിടൽ.

ഇത്രയും വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സിബിഎസ്ഇ റൂൾ പ്രകാരം ലൈബ്രേറിയന് PGTസ്കെയിൽ നൽകണമെന്നുണ്ട്. എന്നാൽ യൂണിയൻ പ്രവർത്തക ആയതിനാൽ എന്റെ അർഹതപ്പെട്ട പ്രൊമോഷൻ തടഞ്ഞു വെക്കുകയായിരുന്നു. അതിനുവേണ്ടി മാത്രം ജൂനിയർ എന്നുപറഞ്ഞ് എന്നെ മാനസികമായി പീഢിപ്പിച്ച് പിരിച്ചുവിടുകയായിരുന്നു. പിരിച്ചു വിട്ടത് ചോദ്യം ചെയ്തപ്പോൾ എന്റെ ജൂനിയറായ രണ്ടുപേരിൽ ഒരാളോട് ക്ലാസ് എടുത്തു കൊണ്ടിരിക്കെ നാളെ മുതൽ വരേണ്ടെന്ന് പറഞ്ഞു. സ്ഥിര നിയമനത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തെ യുണിയൻ ഇടപെട്ടപ്പോൾ തിരിച്ചെടുക്കുകയാണുണ്ടായത്. യൂണിയൻ സമരം നടത്തുമെന്നായപ്പോൾ നിലവിലുള്ള എല്ലാ സർവീസ് ആനുകൂല്യങ്ങളോടെയും ഓൺ ഡെപ്യൂട്ടേഷനിൽ തളാപ്പ് ചിന്മയ മിഷൻ കോളജിൽ എന്നെ ലൈബ്രേറിയനായി നിയമിച്ചു.

നിലവിലുള്ള സേവനവേതന വ്യവസ്ഥ നിലനിർത്തിയെങ്കിൽ ചിന്മയ സ്കൂളിൽ എനിക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കോളേജിലും നൽകാൻ മാനേജ്മെന്റ് ബാധ്യസ്ഥരാണ്. എന്നാൽ കോളേജിൽ എനിക്ക് മാത്രമായി പ്രത്യേക അക്വിറ്റൻസ് റോൾ വെച്ചു. അതിനെ ഞാൻ ചോദ്യം ചെയ്തു. പാരലൽ കോളേജിലെ ഹാജർ പുസ്തകത്തിൽ ഞാൻ കൃത്യമായി ഹാജർ രേഖപ്പെടുത്താറുണ്ട്. ശമ്പളം തരുമ്പോൾ ഒപ്പിടാനായി പ്രത്യേക പുസ്തകം എനിക്ക് മാത്രമായി തയ്യാറാക്കിയത് നിയമപരമായി എന്നെ ചിന്മയ വിദ്യാലയ ജീവനക്കാരിയല്ല എന്ന് കാണിച്ച് നടപടിയെടുക്കാനാണെന്ന് ഇപ്പോൾ വ്യക്തമായി. കഴിഞ്ഞ ദിവസത്തെ പിരിച്ചുവിടൽ നോട്ടീസിൽ സ്ഥലം മാറ്റ ഉത്തരവിന് വിരുദ്ധമായി, ഒരു വർഷത്തേക്ക് താൽക്കാലികമായിരുന്നു കോളേജിലേക്കുള്ള നിയമനം എന്നാണുള്ളത്.

ഒമ്പത് വർഷമായി എനിക്ക് വെക്കേഷൻ കാലത്ത് ശമ്പളം ലഭിച്ചിരുന്നതാണ്. ചിന്മയ വിദ്യാലയത്തിലുളള എല്ലാ ആനുകൂല്യവും നൽകി കോളേജിൽ അയച്ചുവെന്ന് പറയുന്ന മാനേജ്മെന്റ് വെക്കേഷൻ ശമ്പളം കൂടി തടഞ്ഞു. മുമ്പും അക്വിറ്റൻസ് റോൾ ഒപ്പിട്ടില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ശമ്പളം തടഞ്ഞിരുന്നു. പിന്നീട് തരികയാണുണ്ടായത്. കോളേജിലേക്ക് മാറ്റിയപ്പോൾ ലൈബ്രേറിയന്റെ ക്യാബിനിൽ ഇരിക്കാൻ വിടാതെ പുറത്ത് സെക്യൂരിറ്റിയും മറ്റും ഇരിക്കുന്നതു പോലെ മറ്റൊരു കസേര ഇട്ടു. ലൈബ്രേറിയൻ ക്യാബിൻ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ഇത്തരത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനവും മാനസിക പീഡനവും ആണ് ചിന്മയ മാനേജ്മെന്റ് എനിക്കെതിരെ നടത്തിക്കൊണ്ടിരുന്നത്.

മാസത്തിൽ രണ്ട് തവണ എന്ന നിലയിൽ മെമ്മോകൾ.. മാനസികമായി തകർക്കാൻ പരമാവധി ശ്രമിച്ചിട്ടും തകരുന്നില്ല എന്നു കണ്ടതിനുശേഷം പ്രതികാര നടപടികൾ രൂക്ഷമായി. അക്വിറ്റൻസ് രജിസ്റ്റർ സൈൻ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഏകപക്ഷീയമായ എൻക്വയറി കമ്മീഷൻ. നിരവധി തവണ മണിക്കൂറുകൾ നീളുന്ന വിസ്താരം.. കമ്മീഷനിൽ ഹാജരാവാൻ എനിക്ക് വക്കീൽ ഇല്ലായിരുന്നു. മാനേജ്മെന്റ് പ്രതിനിധികളെ വിസ്തരിക്കാനോ എന്റെ സീനിയോറിറ്റി തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനോ പറ്റില്ലെന്ന്‌ രേഖാമൂലം കമ്മീഷൻ പറഞ്ഞു. ഇത്തരത്തിലുള്ള കമ്മീഷനോട് സഹകരിക്കാനാവില്ലെന്ന് മറുപടി നൽകി. തുടർന്ന് വെക്കേഷൻ ശമ്പളം തടഞ്ഞു വെച്ച അറിയിപ്പ്.

ഈ വിഷയത്തിൽ കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കത്ത് കൊടുക്കാൻ ചിന്മയ ബാലഭവൻ ഓഫീസിൽ പോയി മടങ്ങുമ്പോൾ ജൂൺ 1 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിന്മയ മിഷൻ സെക്രട്ടറി കെ. കെ രാജൻ പിടിച്ച് തള്ളുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയുകയുമായിരുന്നു. അദ്ദേഹത്തിനെതിരെ കേസ് കൊടുത്തതിന് പിന്നാലെ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഞായറാഴ്ചയായിട്ടും കൊറിയർ വഴി രാവിലെ 8 മണിക്ക് മാനേജ്മെന്റ് പിരിച്ചു വിടൽ നോട്ടീസ് വീട്ടിൽ എത്തിക്കാൻ കാണിച്ച ആവേശത്തെ സമ്മതിക്കണം.

എൻക്വയറി കമ്മീഷനുമായി സഹകരിച്ചില്ലെന്നും പതിവായി ലേറ്റായി വരുന്നുവെന്നും അറ്റന്റൻസ് സൈൻ ചെയ്യുന്നില്ലെന്നുമായിരുന്നു പത്രത്തിലുടെയുള്ള മാനേജ്മെന്റ് ആരോപണം. ലേറ്റായാൽ രജിസ്റ്ററിൽ മാർക്ക് ചെയ്യുകയും പഞ്ചിംഗ് സംവിധാനവും ഉള്ള സ്ഥാപനമാണിത്. 9 വർഷത്തിനുള്ളിൽ ഏതെങ്കിലും ദിവസം ഞാൻ ലേറ്റായെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. സർവീസ് നിയമപ്രകാരം സീനിയറായ എന്നെ ജുനിയർ എന്ന് പറഞ്ഞ് നടപടിയെടുത്തുവെന്നത് സർവീസ് ബുക്കും ശമ്പള രേഖകളും പരിശോധിച്ചാൽ ബോധ്യമാവും.

പ്രതികരണ ശബ്ദങ്ങൾ പുറത്തു വരാതിരിക്കലാണ് ചിന്മയ മാനേജ്മെന്റിന്റെ ഉദ്ദേശ്യം. പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എത്ര കാലം നിങ്ങൾക്ക് മുന്നോട്ടു പോകാനാകും.