LiveTV

Live

Kerala

നിപക്കെതിരായ പോരാട്ടത്തിലെ മുന്നണിപോരാളികള്‍ക്ക് മീഡിയവണ്ണിന്റെ ആദരം

നിപക്കെതിരായ പോരാട്ടത്തിലെ മുന്നണിപോരാളികള്‍ക്ക് മീഡിയവണ്ണിന്റെ ആദരം
Summary
കേരള സമ്മിറ്റിന്‍റെ പതിവ് സംവാദരീതിവിട്ട് സംഘടിപ്പിച്ച ഒത്തുചേരലില്‍ നിപയ്‌ക്കെതിരെ നേര്‍ക്കുനേര്‍ പൊരുതിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു...

അതിമാരകമായ നിപാ വൈറസിനെതിരെ കേരളം നടത്തിയ അതിജീവനപോരാട്ടം വിജയപാതയിലാണ്. മന്ത്രിമാര്‍ മുതല്‍ പൊതുജനങ്ങള്‍വരെ കണ്ണിമുറിയാതെ അണിചേര്‍ന്ന പ്രതിരോധച്ചങ്ങലയാണ് നിപയെ തടുത്തുനിര്‍ത്തിയത്. നിപയ്‌ക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ മീഡിയാ വണ്ണിന്റെ കേരളാ സമിറ്റില്‍ ആദരിച്ചു.

അപ്രതീക്ഷിതമായെത്തിയ പകര്‍ച്ചവ്യാധിയെ നിയന്ത്രിയ്ക്കാന്‍ ജീവഭയമില്ലാതെ പോരുതിയവരാണ് ഇത്തവണ കേരളാ സമിറ്റില്‍ പങ്കെടുത്തത്. നിപാ വൈറസിന്റെ വ്യാപനത്തിനെതിരെ സദാ ജാഗരൂകരായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കുമൊപ്പം കോഴിക്കോട് മേയറും കളക്ടറും എംഎല്‍എയും കേരളാ സമിറ്റില്‍ പങ്കെടുത്തു. പതിവ് സംവാദരീതിവിട്ട് സംഘടിപ്പിച്ച ഒത്തുചേരലില്‍ നിപയ്‌ക്കെതിരെ നേര്‍ക്കുനേര്‍ പൊരുതിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

രണ്ടാമത്തെ രോഗിയില്‍നിന്ന് രോഗത്തെ തിരിച്ചറിയാന്‍ സഹായിച്ച ഡോക്ടര്‍മാരുടെ സംഘത്തെ പ്രതിനിധീകരിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ് കുമാര്‍, നിപ ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ നേതൃത്വം കൊടുത്ത കോഴിക്കോട് കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ജയേഷ്, ഡോ.ഷമീര്‍, ഡോ.റോയ്, ഹെഡ് നേഴ്‌സ് ഉഷാദേവി, ശുചീകരണ തൊഴിലാളികളായ ഷണ്‍മുഖന്‍, ചന്ദ്രന്‍, രജീഷ്, കൃഷ്ണന്‍ എന്നിവരെ മീഡിയാ വണ്‍ ആദരിച്ചു. പ്രതിരോധപ്രവര്‍ത്തനത്തിനിടെ നിപ ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും ഒത്തുചേരലില്‍ പങ്കെടുത്തു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ എം കെ മുനീര്‍ എംഎല്‍എ, കോഴിക്കോട് കളക്ടര്‍ യു വി ജോസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെജി അലക്‌സാണ്ടര്‍ എന്നിവരാണ് മീഡിയാ വണ്ണിനുവേണ്ടി നിപ പ്രതിരോധപ്രവര്‍ത്തകരെ ആദരിച്ചത്. നിപ പ്രതിരോധപ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവച്ച കേരളാ സമിറ്റ് ഞായറാഴ്ച രാത്രി എട്ടുമണിക്ക് മീഡിയാ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്യും.