LiveTV

Live

Kerala

സര്‍ക്കാര്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ട വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പെര്‍മിറ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ 

സര്‍ക്കാര്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ട വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പെര്‍മിറ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ 
Summary
ഇത്തരം സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് ചോദ്യം ചെയ്യപ്പെടുന്നത്

സംസ്ഥാ‍ന സര്‍ക്കാര്‍ നേരത്തെ അടച്ച് പൂട്ടാന്‍ ഉത്തരവിട്ട ആയിരത്തി അറുനൂറ് വിദ്യാലയങ്ങളില്‍ ഭൂരിഭാഗം വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത് പെര്‍മിറ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി ഇത്തരം സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വ്യാജമായി കെട്ടിട നിര്‍മാണ അനുമതി രേഖ സംഘടിപ്പിച്ചാണ് കോടതിയില്‍ നിന്ന് ഇവയില്‍ പല വിദ്യാലയങ്ങളും പ്രവര്‍ത്തനാനുമതി നേടിയത്.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്ക് നേരത്തെ അടച്ച് പൂട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ വിദ്യാലയങ്ങള്‍ കോടതിയില്‍ നിന്ന് തുടര്‍ പ്രവര്‍ത്തനത്തിനുള്ള അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍ സുരക്ഷ മാനദണ്ഢങ്ങള്‍ പാലിക്കാതെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗൌരവം സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്ക് പ്രകാരം തൃശൂര്‍ ജില്ലയില്‍ മാത്രം അറുപതിലധികം വിദ്യാലയങ്ങളാണ് പെര്‍മിറ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ കെട്ടിട അനുമതി ഉണ്ടാക്കിയതിന് ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതിനെതിരെ കേസുകള്‍ നിലവില്‍ ഉണ്ട്.

ചില വിദ്യാലയങ്ങളുടെ കെട്ടിടം പണിതിരിക്കുന്നത് തണ്ണീര്‍ തടങ്ങള്‍ നികത്തിയാണ്. ബഹുനില കെട്ടിടങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും സുരക്ഷ മാനദണ്ഢങ്ങള്‍ പാലിച്ചിട്ടുമില്ല. അനധികൃത വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഇടത് മുന്നണി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇടത് ഭരണം മൂന്നാം വര്ഷത്തിലേക്ക് കടന്നിട്ടും മാനേജ്മെന്റുകളുടെ സംഘടിത ശക്തിക്കു മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷപോലും സര്‍ക്കാര്‍ പന്താടുകയാണെന്ന ആക്ഷേപമാണുയരുന്നത്.