LiveTV

Live

Kerala

മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് ആലുവയില്‍ പൊലീസ് മര്‍ദ്ദനമേറ്റ ഉസ്മാന്‍

മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന്  ആലുവയില്‍ പൊലീസ് മര്‍ദ്ദനമേറ്റ ഉസ്മാന്‍
Summary
ബൈക്കിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദ്ദിച്ചത് പൊലീസുകാരാണ്

പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ തെറ്റാണെന്ന് എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ ഉസ്മാന്‍. റോഡരികിൽ ബൈക്കിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ പ്രകോപനമില്ലാതെയാണ് പൊലീസുകാര്‍ മര്‍ദ്ദിച്ചത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ എടുത്ത കേസാണ് തനിക്കെതിരെയുള്ളതെന്നും ഉസ്മാന്‍ മീഡിയവണിനോട് പറഞ്ഞു. ഉസ്മാനെ മര്‍ദിച്ച പോലീസുകാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ആലുവ കുഞ്ചാട്ടുകര കവലയിൽ റോഡരികിൽ ബൈക്കിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുന്ന സമയത്താണ് പൊലീസുകാര്‍ സഞ്ചരിച്ച വാഹനം തന്റെ ബൈക്കിനെ ഇടിക്കുന്നത്. തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ ഇറങ്ങി വന്ന് വാഹനം റോഡില്‍ നിര്‍ത്തിയതിനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കമായി. പിന്നീട് കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഇറങ്ങി വന്ന് മര്‍ദിച്ചു. തുടര്‍ന്ന് ബലമായി കാറില്‍ പിടിച്ച് കയറ്റി എടത്തല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതുവരെ മര്‍ദ്ദിച്ചവര്‍ പൊലീസ് സംഘമാണെന്ന് അറിയില്ലായിരുന്നുവെന്നും ഉസ്മാന്‍ പറഞ്ഞു.

മര്‍ദ്ദനം കണ്ടുനിന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ വഴങ്ങിയില്ല. സ്റ്റേഷനിലെത്തിച്ച ശേഷവും മര്‍ദ്ദിച്ചതായും ഉസ്മാന്‍ പറയുന്നു. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന പൊലീസ് വാദം തെറ്റാണ്. മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാം. 2011-ല്‍ തനിക്കെതിരെ ചുമത്തിയത് കണ്ടാലറിയാവുന്ന 100-ഓളം പേര്‍ക്കെതിരെയുള്ള കേസാണ്. ആലുവയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് സംഘര്‍ഷവും പിന്നീട് ലാത്തിച്ചാര്‍ജുമുണ്ടായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന താന്‍ പ്രതിയാവുകയായിരുന്നു. അതേസമയം ഉസ്മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരുടെ അറസ്റ്റ് വൈകുകയാണ്. ‌ നാല് പൊലീസുകാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരെ എടത്തല സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടിയില്ല.