LiveTV

Live

Kerala

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; 2 തൊഴിലാളികള്‍ക്ക് പരിക്ക്

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; 2 തൊഴിലാളികള്‍ക്ക് പരിക്ക്
Summary
സംഭവത്തിനു ശേഷം നിർത്താതെ പോയ കപ്പല്‍ പിന്നീട് കണ്ടെത്തി. മഹാറിഷി ഭരദ്വാജ് എന്ന കപ്പലാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

കൊച്ചി മുനമ്പം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സംഭവത്തിനു ശേഷം നിർത്താതെ പോയ കപ്പല്‍ പിന്നീട് കണ്ടെത്തി. മഹാറിഷി ഭരദ്വാജ് എന്ന കപ്പലാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. കൊച്ചി തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പല്‍.

പുലർച്ചെ 4. 30 നു കൊച്ചി തുറമുഖത്തിനു പടിഞ്ഞാറ് 15 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് ഗുജറാത്തിലേക്ക് എല്‍പിജിയുമായി പുറപ്പെട്ട മഹാറിഷി ഭരദ്വാജ് എന്ന കപ്പലാണ് അപകടമുണ്ടാക്കിയത്. കപ്പൽ കണ്ടെത്താൻ പോർട്ട് അധികൃതരുടെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍. മുനമ്പത്ത് നിന്നു പോയ നോഹ എന്ന മത്സ്യബന്ധന ബോട്ടിലേക്ക് കപ്പൽ വന്നിടിക്കുകയായിരുന്നു. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി, പറവൂർ തത്തപ്പള്ളി സ്വദേശി അശോകൻ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബോട്ടിനുള്ളിൽ തെറിച്ചുവീണാണ് ഇവർക്ക് പരിക്കേറ്റത്. കപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമ ജില്ലാ കളക്ടർ, പോർട്ട് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.