LiveTV

Live

Kerala

അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ഐഎഎസ് സ്വന്തമാക്കിയ പ്രാഞ്ജല്‍ ഇന്ന് എറണാകുളം അസിസ്റ്റന്‍റ് കലക്ടര്‍

അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ഐഎഎസ് സ്വന്തമാക്കിയ പ്രാഞ്ജല്‍ ഇന്ന് എറണാകുളം അസിസ്റ്റന്‍റ് കലക്ടര്‍
Summary
ആറാം വയസ്സിലാണ് പ്രാഞ്ജല്‍ പാട്ടീലിന്റെ കണ്ണുകള്‍ ഇരുട്ട് മാത്രം കാണാന്‍ തുടങ്ങിയത്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ പ്രാഞ്ജല്‍ നടന്ന് കയറിയത് ഇന്ത്യന്‍ ഭരണ സര്‍വീസിലും.

ആറാം വയസ്സിലാണ് പ്രാഞ്ജല്‍ പാട്ടീലിന്റെ കണ്ണുകള്‍ ഇരുട്ട് മാത്രം കാണാന്‍ തുടങ്ങിയത്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ പ്രാഞ്ജല്‍ നടന്ന് കയറിയത് ഇന്ത്യന്‍ ഭരണ സര്‍വീസിലും. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് മഹാരാഷ്ട്ര ഉല്ലാസ്നഗര്‍ സ്വദേശി പ്രാഞ്ജല്‍ എത്തിപ്പിടിച്ചത് എറണാകുളം അസിസ്റ്റന്‍റ് കലക്ടര്‍ കസേരയാണ്.

2016ല്‍ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 773ആം റാങ്ക് സ്വന്തമാക്കി. ഇന്ത്യന്‍ റെയിൽവേ അക്കൗണ്ട്‌സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു. റെയിൽവെ പരിശീലനത്തിന് ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താൽ പ്രാഞ്ജലിനെ തഴഞ്ഞു. അന്നത്തെ മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായിരുന്നു. തിരിച്ചടികളിൽ തളരാതെ ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ശ്രമങ്ങളാണ് പിന്നീട് പ്രാഞ്ജൽ നടത്തിയത്. വീണ്ടും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. ഫലം വന്നപ്പോൾ 124ആം റാങ്കോടെ ഐഎഎസ് യോഗ്യത നേടി. റെയില്‍വെ തഴഞ്ഞപ്പോള്‍ ഇന്ത്യന്‍ ഭരണ സര്‍വീസ് എത്തിപ്പിടിക്കാന്‍ പ്രാഞ്ജലിനായി.

അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ഐഎഎസ് സ്വന്തമാക്കിയ പ്രാഞ്ജല്‍ ഇന്ന് എറണാകുളം അസിസ്റ്റന്‍റ് കലക്ടര്‍

ഉറ്റവരുടെയും സുഹൃത്തുക്കളുടെയും നിരന്തരമായ പ്രചോദനമാണ് ഐഎഎസ് നേട്ടത്തിന് പിന്നിലെന്ന് പ്രാഞ്ജല്‍ പറയുന്നു. നെല്‍സണ്‍ മണ്ടേല, മഹാത്മ ഗാന്ധി, ചര്‍ച്ചില്‍, ബരാക് ഒബാമ തുടങ്ങിയവരുടെ ജീവിതങ്ങള്‍ പ്രാഞ്ജലിനെ സ്വാധീനിച്ചിട്ടുണ്ട്. ആ പ്രേരക ഘടകങ്ങളെല്ലാം തന്റെ ഔദ്യോഗിക ജീവിതത്തിലും കൂടെക്കൂട്ടുമെന്ന് പ്രാഞ്ജല്‍ പറയുന്നു.

കേരളം പോലൊരു സംസ്ഥാനത്ത് ആദ്യ നിയമനം ലഭിച്ചതിൽ സന്തോഷവും ഒപ്പം കൊച്ചിയെക്കുറിച്ചുളള നല്ല പ്രതീക്ഷകളുമാണ് പ്രാഞ്ജലിന്റെ മനസ്സില്‍. കേരളത്തിലാണ് നിയമനമെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് പ്രാഞ്ജല്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉളളത്. മറ്റു സംസ്ഥാനങ്ങള്‍ നേരിടുന്ന ഒട്ടുമിക്ക വെല്ലുവിളികളും കേരളത്തിനില്ല. കേരളത്തിലെ സാക്ഷരതയെക്കുറിച്ചാണ് പ്രാഞ്ജല്‍ പറയുന്നത്.

കുടുംബമാണ് പ്രാഞ്ജലിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ചത്. ഒരാള്‍ നമ്മള്‍ കരുതുന്നത് പോലെയായില്ലെങ്കില്‍ നെഗറ്റീവ് ചിന്തകളുണ്ടാവുക മനുഷ്യസഹജമാണ്. എന്നാല്‍ തന്‍റെ മാതാപിതാക്കള്‍ ഒരിക്കല്‍ പോലും നെഗറ്റീവ് ചിന്തകള്‍ തന്നിട്ടില്ലെന്ന് പ്രാഞ്ജല്‍ പറയുന്നു. നിഴലും നിലാവുമായി കൂട്ടിന് മാതാപിതാക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് പിന്നിട്ട വഴികളില്‍ ഇടറാതെ പിടിച്ചുനിന്നു. കാഴ്ചയില്ലാത്തതിന്റെ പേരില്‍ കൂട്ടിലടയ്ക്കാതെ ഒരേസമയം ചിറകിനുളളില്‍ സംരക്ഷിക്കാനും പറക്കാനും അനുവദിച്ചു. "നിനക്ക് പോകാന്‍ കഴിയുന്നിടത്തോളം മുന്നോട്ട് പോകൂ, പിന്നാലെ ഞങ്ങളുണ്ട്" എന്ന് മാത്രമാണ് എന്നും മകളോട് പറഞ്ഞിട്ടുളളൂവെന്ന് അമ്മ ജ്യോതി പാട്ടീല്‍ പറയുന്നു.

അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ഐഎഎസ് സ്വന്തമാക്കിയ പ്രാഞ്ജല്‍ ഇന്ന് എറണാകുളം അസിസ്റ്റന്‍റ് കലക്ടര്‍

മറ്റുളളവരുടെ പിന്തിരിപ്പന്‍ വാക്കുകള്‍ക്ക് ചെവി കൊടുത്തിരുന്നുവെങ്കില്‍ പ്രാഞ്ജലിന് ഇത്ര മനോഹരമായ ഭാവി ഉണ്ടാകുമായിരുന്നോ എന്ന് ജ്യോതി ചോദിക്കുന്നു. കലക്ടറുടെ അമ്മയും അച്ഛനുമെന്നുളള അഭിമാനമാണ് തങ്ങള്‍ക്ക്. ഒപ്പം പ്രാഞ്ജലിനെ തന്ന ദൈവത്തെ സ്തുതിക്കുന്നുവെന്ന് ജ്യോതി പറയുമ്പോള്‍ ഐഎഎസ് പരീക്ഷയ്ക്ക് വാശിയോടെ മുന്നേറിയ മകളെക്കുറിച്ചുളള ഓര്‍മകളാണ് അച്ഛന്‍ എല്‍ ബി പാട്ടീല്‍ പങ്കുവെച്ചത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ചു. എംഫിലിനായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഐഎഎസ് തയ്യാറെടുപ്പ് തുടങ്ങിയത്. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയതും വിജയിച്ചതും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചതാണ് പഠനവഴിയില്‍ സഹായകമായത്.

എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ പ്രാഞ്ജലിന് സഹപ്രവര്‍ത്തകര്‍ നല്ല സഹകരണമാണ് നല്‍കുന്നത്. പ്രാഞ്ജലിനെ സഹായിക്കാന്‍ ഓഫിസിലെ ഒരു ജീവനക്കാരിയെ കലക്ടര്‍ മുഹമ്മദ് വൈ സഫറുല്ല ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്‍പരിചയമുളള പോലെ സഹപ്രവര്‍ത്തകരോട് സൌഹൃദത്തോടെ ഇടപഴകാനും പ്രാഞ്ജലിന് കഴിയുന്നു.

കാഴ്ചയുളളവരെ വെല്ലുന്ന കൃത്യനിഷ്ഠയാണ് പ്രാഞ്ജലിന്റേത്. കൃത്യസമയത്ത് ജോലിക്കെത്തും. ജോലി സമയം കഴിഞ്ഞാല്‍ അക്കാര്യം കൃത്യമായി ഡ്രൈവറെ വിളിച്ചറിയിക്കും. പിന്നിട്ട വഴികളില്‍ പാലങ്ങളും മറ്റും ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ ഇതേത് പാലമാണ്, അതിന്റെ സവിശേഷതകള്‍ എല്ലാം ചോദിച്ചറിയും. തലേദിവസം കലക്ടറേറ്റിലേക്ക് പോയ വഴിയില്‍ നിന്ന് വ്യത്യസ്തമായ ദിശയില്‍ വണ്ടി ഓടിക്കുമ്പോള്‍ ഇത് എങ്ങോട്ടാണ് പോകുന്നതെന്ന പ്രാഞ്ജലിന്റെ ചോദ്യത്തിന് മുന്നില്‍ അമ്പരന്നുപോയതായി ഡ്രൈവര്‍ ജലീല്‍ പറയുന്നു.

കാഴ്ചയില്ലാത്തത് പരിമിതിയായി കാണാത്തതാണ് പ്രാഞ്ജലിന്റെ വളര്‍ച്ചയുടെ മുഖ്യകാരണം. നന്നായി പഠിച്ചു. വിവാഹിതയായി. ആരും കൊതിക്കുന്ന ജോലിയും നേടി. ബിസിനസുകാരനായ കോമൾ സിങ് പാട്ടീലാണ് ഭർത്താവ്. ഇളയ സഹോദരന്‍ നിഖില്‍ പാട്ടീലും പ്രാഞ്ജലിന്റെ വഴികാട്ടികളിലൊരാളാണ്.

ഇനി മലയാളം പഠിക്കണം. കൊച്ചിയുടെ മനസ്സറിയണം. തിരുവനന്തപുരത്തെ ഒരു മാസത്തെ ട്രെയിനിങ് കഴിഞ്ഞാല്‍ എറണാകുളത്ത് സജീവമാകും.