LiveTV

Live

Kerala

ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം: ദീപ നിശാന്ത്

ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം: ദീപ നിശാന്ത്
Summary
നാളെ ലീവെടുത്ത് വീട്ടിലിരുന്നേക്കാം.. അല്ലെങ്കി പിള്ളേര് കരുതും നമ്മള് വല്ല എസ് സി / എസ് ടി യാണെന്ന്

കേരളത്തില്‍ ജാതി ഇല്ലായെന്ന് പറയുന്നവര്‍ വിവാഹപ്പരസ്യങ്ങളും നാല് ടിവി ഇന്റര്‍വ്യൂകളും കണ്ടുനോക്കൂ എന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. സംവരണ വിഭാഗത്തിലുള്ളവരുടെ വീട്ടിൽ വല്ല വിവാഹത്തിനോ ചാവടിയന്തിരത്തിനോ പോയാൽ, ഭക്ഷണം കഴിക്കാൻ നിക്കാതെ വധൂവരന്മാരെ അനുഗ്രഹിച്ച് മടങ്ങുന്നവരാണ് ജാതിയില്ലായ്മയെക്കുറിച്ച് പറയുന്നതെന്നും ദീപയുടെ കുറിപ്പില്‍ പറയുന്നു.

ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം: ദീപ നിശാന്ത്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഉള്ളിന്റെയുള്ളിൽ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്ബുക്ക് വാളിലും വാട്സപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാർദ്ദം നിറഞ്ഞു തൂവുന്നു. കെവിന്റെ ചിത്രം വെച്ച് ഫേസ്ബുക്കിൽ കരയുന്നു.

മൂന്നാല് കൊല്ലം മുമ്പ് മന്നത്ത് പത്മനാഭൻ ജയന്തി പൊതു അവധിയായിരുന്നില്ല.നിയന്ത്രിത അവധിയായിരുന്നു. അതായത് നായർ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാത്രം അവധിയെടുക്കാം.. " നാളെ ലീവെടുത്ത് വീട്ടിലിരുന്നേക്കാം.. അല്ലെങ്കി പിള്ളേര് കരുതും നമ്മള് വല്ല എസ് സി / എസ് ടി യാണെന്ന്!" എന്ന ഭീകര തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച സഹപ്രവർത്തകന്റെ വാളിലും ജാതിയില്ലാക്കേരളത്തിനായുള്ള ആഹ്വാനം! കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായി ഇരുവിഭാഗങ്ങളേയും ചർച്ചയ്ക്ക് വിളിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടയിൽ, കറുത്തു മെലിഞ്ഞ പയ്യനെ ചൂണ്ടി ഒരുളുപ്പുമില്ലാതെ, "താനെന്താ ജാതി ?" എന്ന് ചോദിക്കുകയും, അവൻ ജാതിപ്പേര് പറഞ്ഞപ്പോൾ, "സ്റ്റൈപ്പന്റ് കിട്ടിപ്പഠിക്കണതല്ലേടോ.... നന്നായിക്കൂടേ?" എന്ന ഉപദേശം കൊടുക്കാൻ ഒരു മടിയും കാട്ടാതിരിക്കുകയും ചെയ്ത ആളും വാട്സപ്പ് ചർച്ചകളിൽ ജാതിമദിരാന്ധരെപ്പറ്റി വാചാലനാകുന്നു!

കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവാത്രേ!
പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചോക്ക്! ഇപ്പോഴും കാണാം " എസ് സി / എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും" എന്ന അശ്ലീലവാചകം! ടീ വീല് നാല് ഇന്റര്‍വ്യൂകള്‍ കണ്ടോക്ക്! കേൾക്കാം, "ഞങ്ങക്കങ്ങനെ ജാതിവ്യത്യാ സൊന്നൂണ്ടാർന്നില്യാ... ഭയങ്കര ഫോർവേഡാരുന്ന്! താഴ്ന്ന ജാതിക്കാരടെ കൂടെയൊക്കെ ഭക്ഷണം കഴിക്കേം കളിക്കേം ചെയ്യാറുണ്ട്... " എന്ന മട്ടിലുള്ള പ്രിവിലേജ് ഛർദ്ദികൾ!

സംവരണ വിഭാഗത്തിലുള്ളവരുടെ വീട്ടിൽ വല്ല വിവാഹത്തിനോ ചാവടിയന്തിരത്തിനോ പോയാൽ, ഭക്ഷണം കഴിക്കാൻ നിക്കാതെ വധൂവരന്മാരെ അനുഗ്രഹിച്ച് മടങ്ങണോരാണ്...! ചായയോ മറ്റോ അവരുണ്ടാക്കിത്തന്നാ "കരിക്കാ പഥ്യം!"ന്ന് പറയണോരാണ് ! മുന്നിൽ കൊണ്ടുവെച്ച പാത്രങ്ങളിൽ നിന്ന് ഞാലിപ്പൂവനോ ( പഴത്തിന് അയിത്തല്യ! തൊലീണ്ടല്ലോ!) ഓറഞ്ചോ ബേക്കറി സാധനങ്ങളോ മാത്രം തിന്ന്, "വയറിന് നല്ല സുഖല്യാ.. കിണ്ണത്തപ്പം വേണ്ടാ " ന്ന് മൊഴിയണോരാണ്! ഇവടെ ജാതില്യാത്രേ!

മ്ലേച്ഛൻ!, ഏഭ്യൻ!, അശ്രീകരം!, ജേഷ്ഠ! കൊശവൻ!, ചെറുമൻ!, പുലയൻ! ചെറ്റ!.........തെങ്കര കൊട്ടി, ചീക്കപ്പോത്ത്, മിഞ്ചന്തീനി, എച്ചിലുനക്കി, കാലാപെറുക്കി..... ഒന്ന് സൂക്ഷിച്ചു നോക്ക്! ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം! അങ്ങനെയുള്ള ഇടത്തിലാണ് ജാതിയില്ലാന്ന്! ചിരിപ്പിക്കരുത്! കെവിന് ആത്മശാന്തി!