സ്വാശ്രയ മെഡിക്കല്‍ പ്രവേശം കടുത്ത പ്രതിസന്ധിയിലേക്ക്

സ്വാശ്രയ മെഡിക്കല്‍ പ്രവേശം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലേക്ക് സ്പോട് അലോട്മെന്റ് നടന്നില്ലെന്ന് കാണിച്ച് സംസ്ഥാന പ്രവേശ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോളജുകള്‍ നല്കിയ വിവരം അപൂര്ണമായതിനാല് പ്രവേശം നടന്നില്ലെന്ന് കമ്മീഷണര്‍ കോടതിയെ അറിയിക്കും. പ്രവേശത്തിന്റെ സമയപരിധി കൂടി അവസാനിച്ചതിനാല്‍ പ്രതിസന്ധി രൂക്ഷമാവും.
ഇന്നലെ നിശ്ചയിച്ച സ്പോട് അലോട്മെന്റില്‍ കെഎംസിടി മെഡിക്കല്‍ കോളജിലെ പ്രവേശം പൂര്‍ത്തിയായപ്പോള്‍ തന്നെ സമയം അവസാനിച്ചിരുന്നു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലായി 250 സീറ്റുകളാണുള്ളത്. ഈ കോളജുകളിലേക്ക് ഇന്നലെ അലോട്മെന്റ് നടന്നില്ലെന്ന് കാണിച്ച് ഹൈകോടതിയെ സമീപിക്കാനാണ് സംസ്ഥാന പ്രവേശ കമ്മീഷണറുടെ തീരുമാനം. ഈ കോളജുകള്‍ നല്കിയ വിവരം അപൂര്‍ണമായിരുന്നുവെന്നും പ്രവേശ കമ്മീഷണര്‍ കോടതിയെ അറിയിക്കും. ഇതോടെ ഇവിടങ്ങളിലെ പ്രവേശം സംബന്ധിച്ച അനിശ്ചിതത്വം തുടരും. സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശം പൂര്‍ത്തിയാക്കാന്‍ ഇന്നലെ രാത്രി 12 മണി വരെയാണ് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നത്. ഇതോടെ മെഡിക്കല്‍ പ്രവേശം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഇനിയും സമയം ലഭിച്ചാലേ ഇവിടങ്ങളിലെ പ്രവേശം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. സമയം അനുവദിക്കണമെങ്കില്‍ ഹൈകോടതിക്ക് പുറമേ സുപ്രീംകോടതിയെയും സമീപിക്കേണ്ടിവരും.