LiveTV

Live

Kerala

കലാഭവന്‍ മണിക്ക് കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സഹായികളുടെ ബന്ധുക്കള്‍

കലാഭവന്‍ മണിക്ക് കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സഹായികളുടെ ബന്ധുക്കള്‍
Summary
മരിക്കുന്നതിന് 20 ദിവസം മുമ്പ് കലാഭവന്‍ മണി പാടിയില്‍ കിടപ്പിലായിരുന്നു. ഈ ദിവസങ്ങളില്‍‍ മണി വീട്ടില്‍ പോയിട്ടില്ല

കലാഭവന്‍ മണിയുടെ കുടുംബത്തിനെതിരെ സഹായികളുടെ ബന്ധുക്കള്‍. മൂന്ന് മാസമായി വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മണി എന്ന് കസ്റ്റഡിയിലുള്ള അരുണിന്‍റെ പിതാവ് അയ്യപ്പന്‍ പറഞ്ഞു. ഈ സമയത്ത് തിരിഞ്ഞു നോക്കാത്തയാളാണ് രാമകൃഷ്ണനെന്നും അയ്യപ്പന്‍ മീഡിയ വണിനോട് പറഞ്ഞു.

ആറുദിവസം മുന്പ് പോലീസ് കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നവരെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. മരിക്കുന്നതിന് 20 ദിവസം മുമ്പ് കലാഭവന്‍ മണി പാടിയില്‍ കിടപ്പിലായിരുന്നു. ഈ ദിവസങ്ങളില്‍‍ മണി വീട്ടില്‍ പോയിട്ടില്ല. എന്നിട്ടും മണിയെ പാടിയില്‍ ചെന്ന് കാണാന്‍ നിമ്മിയോ രാമകൃഷ്ണനോ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് അയ്യപ്പന്റെ ചോദ്യം.

വീട്ടില്‍ ചെന്നാല്‍ സ്വസ്ഥത ഇല്ലെന്ന് മണി പറഞ്ഞിരുന്നതായി അരുണ്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്ന രാമകൃഷ്ണന്‍ അരുണ്‍ ഉള്‍പ്പടെ കസ്റ്റഡിയിലുള്ള 3 പേരെ കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.

‌ഞങ്ങള്‍ക്ക് സ്വാധീനമോ നിയമത്തെക്കുറിച്ച് കാര്യമായ വിവരമോ ഇല്ല. 6 ദിവസമായി കസ്റ്റഡയിലുള്ള അരുണ്‍ ഇന്നലെയാണ് ആദ്യമായി വിളിച്ചത്. കൊരട്ടി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് അറിയിച്ചതായും അയ്യപ്പന്‍ പറഞ്ഞു. കേസിന്റെ തുടര്‍ നടപടികളില്‍ ആശങ്കയിലാണ് കസ്റ്റഡിയിലുള്ളവരുടെ കുടുംബം.