LiveTV

Live

Kerala

ഗുരുവായൂരിലെ തോല്‍വി; മുസ്‍ലിം ലീഗില്‍ വിവാദം

ഗുരുവായൂരിലെ തോല്‍വി; മുസ്‍ലിം ലീഗില്‍ വിവാദം
Summary
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി എം സാദിഖലി ഹൈദരലി തങ്ങളെ കണ്ട് ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരിലെ തോല്‍വി പഠിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ....

ഗുരുവായൂരിലെ തോല്‍വി അന്വേഷിക്കണമെന്ന തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ ചൊല്ലി മുസ്ലിം ലീഗില്‍ വിവാദം.
തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സിഎച്ച് റഷീദ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തോല്‍വി ആവശ്യം ഉന്നയിക്കാത്തതാണ് വിവാദമായത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി എം സാദിഖലി ഹൈദരലി തങ്ങളെ കണ്ട് ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരിലെ തോല്‍വി പഠിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചു.

ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി എം സാദിഖലി 15098 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്‍റെ ശക്തി കേന്ദ്രമായ കടപ്പുറം പഞ്ചായത്തില്‍ 1165 വോട്ടുകളുടെ ലീഡ് മാത്രമാണ് സാദിഖലിക്ക് നേടാനായുള്ളൂ. കടപ്പുറം പഞ്ചായത്തില്‍ ഉള്‍പ്പെടെ ഉണ്ടായ വോട്ട് ചോര്‍ച്ച അന്വേഷിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തൃശൂര്‍ ജില്ലയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച സിഎച്ച് റഷീദ് ഈ ആവശ്യം ഉന്നയിച്ചില്ല. തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിശ്ചയിച്ച കമ്മിറ്റികളുടെ പരിഗണനാ വിഷയങ്ങളില്‍ അതുകൊണ്ടു തന്നെ ഗുരുവായൂര്‍ ഉള്‍പ്പെട്ടില്ല.

പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെയും കണ്ട പിഎം സാദിഖലി ഗുരുവായൂരിലെ തോല്‍വി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് മൂന്നംഗ കമ്മിറ്റിയെ ഗുരുവായൂരിലെ തോല്‍വിയെക്കുറിച്ച് പഠിക്കാനായി നിയോഗിച്ചത്. സിഎച്ച് റഷീദ് ഗുരുവായൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരിക്കെയാണ് പിഎം സാദിഖലിയെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.