LiveTV

Live

Kerala

നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ

നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ
Summary
കെവിന്‍ വധമുള്‍പ്പെടെ പൊലീസിനെതിരായ ആരോപണം ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജയമുയര്‍ത്തി ഭരണ പക്ഷം പ്രതിരോധം തീര്‍ക്കും

നിയമനിർമാണം മുഖ്യ അജണ്ടയായ നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ മുതൽ ആരംഭിക്കും. കെവിൻ വധം ഉൾപ്പെടെ പോലീസിനെതിരായ ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ചെങ്ങന്നൂർ നൽകിയ രാഷ്ട്രീയ വിജയത്തിൻറെ ബലത്തിലായിരിക്കും ഭരണപക്ഷ പ്രതിരോധം . സജി ചെറിയാന്റെ സത്യപ്രതിഞ്ജയും നാളെ.

ജൂൺ 4 മുതൽ 21 വരെയാണ് സഭ സമ്മേളിക്കുന്നത്. ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമമാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടത്, കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിജപ്പെടുത്തിയത്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ താൽക്കാലിക സിൻഡിക്കേറ്റ് നിലവിൽ വന്നത് ഉൾപ്പെടെ നിരവധി ഓർഡിനൻസുകൾ സഭാ സമ്മേളനത്തിൽ നിയമമാകും.

സാങ്കേതിക സർവകലാശാല, കേരള സർവകലാശാല,കാലടി സർവകലാശാല നിയമഭേദഗതികളും നിയമസഭക്ക് മുന്നിൽ വരും. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അധിക ധനാഭ്യർഥനകളും നിയമസഭ പാസാക്കും. കസ്റ്റഡി മർദ്ദനം ഉൾപ്പെടെ പോലീസ് ഭാഗത്തുണ്ടായ വീഴ്ചകൾ ആയിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. കെവിൻ വധത്തിന് പോലീസിന്റെ പങ്ക് ഉൾപ്പെടെ സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷം ഉപയോഗിക്കും.

അതേസമയം ചെങ്ങന്നൂരിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഭരണപക്ഷവും. ചെങ്ങന്നൂരിലെ തിരിച്ചടിയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന രീതിയിലേക്കുള്ള പ്രക്ഷോഭപരിപാടികൾക്ക് പോകില്ല എന്നാണ് കരുതുന്നത്. ചെങ്ങന്നൂരിലെ വിജയി സജി ചെറിയാന്റെ സത്യപ്രതിജ്ഞയും സമ്മേളനത്തിന്റെ ആദ്യ ദിവസമായ നാളെ നടക്കും.