LiveTV

Live

Kerala

കോണ്‍ഗ്രസിലെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയെന്ന് വീക്ഷണം

കോണ്‍ഗ്രസിലെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയെന്ന് വീക്ഷണം
Summary
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് വീക്ഷണത്തിന്റെ മുഖപ്രസംഗം.

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം. കോണ്‍ഗ്രസിലെ പുനസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ബൂത്ത്, മണ്ഡലം കമ്മിറ്റികള്‍ ജഡാവസ്ഥയിലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും നേതൃമാറ്റം ആവശ്യപ്പെട്ടും കോൺഗ്രസ് മുഖപത്രം വീക്ഷണം. രാമേശ്വരത്തെ ക്ഷൗരം പോലെയായി പാർട്ടിയിലെ പുനഃസംഘടന എന്നും കാലികമായ സാക്ഷരതയുള്ള പുതുതലമുറയിലേക്ക് നേതൃത്വം മാറണമെന്നും വീക്ഷണം അഭിപ്രായപ്പെടുന്നു.

''വേണം കോൺഗ്രസിന് രണോന്മുഖ നേതൃത്വം'' എന്ന തലക്കെട്ടിലാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. ചെങ്ങന്നൂർ തോൽവിയിൽ പാർട്ടിയെയും മുന്നണിയും വിമർശിക്കുന്ന വീക്ഷണം പാർട്ടി സംവിധാനത്തിന് ദൗർബല്യത്തെയാണ് വിരൽചൂണ്ടുന്നത്. കെപിസിസിയും ഡിസിസിയും സംഘടിപ്പിക്കാനാണ് നേതാക്കളുടെ താല്പര്യം. പാർട്ടിയുടെ നട്ടെല്ലും നാഡീവ്യൂഹങ്ങളും ആയ മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിൽ ആണ്. പുനഃസംഘടന ഇപ്പോൾ എത്തിനിൽക്കുന്നത് രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. ആളും ആരവവുമായി ഡൽഹിയിലേക്ക് കയറുകയും കരിയില പോലെ തിരികെ വരികയുമാണ് നേതാക്കൾ ചെയ്യുന്നത്. പെട്ടി പേറുന്നവരെ മാറ്റി കർമ്മശേഷിയുള്ള വരെ ബൂത്ത് തലം മുതൽ കണ്ടെത്തണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു.

പാർട്ടി മുന്നണി നേതൃത്വങ്ങളെയും വീക്ഷണം വിമർശിക്കുന്നുണ്ട്. ശക്തരായ പ്രതികളുമായി ഏറ്റുമുട്ടാൻ ആവണക്കണ്ണ കഴിച്ച് വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് പാർട്ടി മുഖപത്രം പറയുന്നു. നേതൃത്വത്തിൽ ജൂബിലി പലകുറി ആഘോഷിച്ച നേതാക്കൾ പുതുതലമുറയുടെ ഉപദേശികളും മാർഗ്ഗ നിർദ്ദേശകരുമായി മാറണം. രാഷ്ട്രീയ പ്രതിബദ്ധതയും കാലികമായ സാക്ഷരതയുള്ള തലമുറയിലേക്ക് കോൺഗ്രസ് നേരത്തെ മാറണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു. മത-സാമുദായിക നേതാക്കളുടെ പിറകെ പോകാതെ ദളിത് ആദിവാസി ഊരുകളിലേക്കും കടലോരങ്ങളിലെ കൂരകളിലേക്കും നേതാക്കൾ പോകണം. പാർട്ടിക്കും മുന്നണിക്കും കായചികിത്സ നടത്താൻ എഐസിസി ഇടപെടണമെന്നും വീക്ഷണം കുറിക്കുന്നു.

കോണ്‍ഗ്രസിലെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയെന്ന് വീക്ഷണം