LiveTV

Live

Kerala

അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ഘടന പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ഘടന പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Summary
സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ് അശാസ്ത്രീയമാണെന്നാണ് പ്രധാന ആരോപണം

അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ഘടന പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ് അശാസ്ത്രീയമാണെന്നാണ് പ്രധാന ആരോപണം. രണ്ട് രൂപ നികുതി അടക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് 15 രൂപ ഫീസ് നല്‍കണം.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ഫീസ് ഈടാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് ഘടന ഏകീകരിച്ചത്.ഇലക്ടോണിക്സ് ആന്റ് വിവര സാങ്കേതിക വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 1 രൂപ മുതല്‍ ആയിരം രൂപ വരെഉള്ള സേവനങ്ങള്‍ക്ക് 15 രൂപയാണ് ഫീസ് ഈടാക്കുന്നത്.സര്‍ക്കാരിലേക്ക് കുറഞ്ഞ തുക അടക്കാനുള്ളവര്‍ക്ക് രണ്ട് ഇരട്ടിയിലധികം ഫീസാണ് അക്ഷയകേന്ദ്രങ്ങള്‍ക്ക് ഫീസായി നല്‍കേണ്ടി വരുന്നത്.

വില്ലേജ് ഓഫീസുകളില്‍ നികുതിയടക്കാന്‍ സൌകര്യം ഉണ്ടെങ്കിലും മിക്ക ഓഫീസുകളും ആളുകളോട് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കനാണ് നിര്‍ദ്ദേശിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതിയും ഇതുതന്നെ. ഈ മാസം 5-ാം തിയതി പുറപ്പെടുവിച്ച ഉത്തരവ് അശാസ്ത്രീയമാണെന്നും കുറഞ്ഞ തുക അടക്കുന്നവര്‍ക്ക് കുറഞ്ഞ ഫീസ് നിരക്ക് നിശ്ചയിച്ച് പുതിയ ഉത്തരവ് ഇറക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.