LiveTV

Live

Kerala

കെഎസ്ആര്‍ടിസി ഡ്രൈവറുടെ മരണം:മാനസിക സമ്മര്‍ദം മൂലമെന്ന് പരാതി

കെഎസ്ആര്‍ടിസി ഡ്രൈവറുടെ മരണം:മാനസിക സമ്മര്‍ദം മൂലമെന്ന് പരാതി
Summary
ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

കെഎസ്ആര്‍ടിസി അധികൃതരുടെ മാനസിക സമ്മര്‍ദം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചതായി പരാതി. തൊട്ടില്‍പ്പാലം ഡിപ്പോയിലെ ഡ്രൈവര്‍ മുരളിയാണ് മരിച്ചത്. വൃക്ക മാറ്റിവെച്ചതു മൂലം ഡിപ്പോയിലെ മറ്റു ഡ്യൂട്ടികളിലായിരുന്ന മുരളിയോട് ഡ്രൈവര്‍ ജോലിയില്‍ കയറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായാണ് ആക്ഷേപം. ജോലി പരിഷ്കരണത്തിന്‍റെ ഭാഗമായി മറ്റു ഡ്യൂട്ടിയിലുള്ള ഡ്രൈവര്‍മാരോടും കണ്ടക്ടര്‍മാരോടും അതാത് ഡ്യൂട്ടിയില്‍‌ പ്രവേശിക്കാന്‍ എംഡി ടോമിന്‍‍ ജെ തച്ചങ്കരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മുരളിയുടെ വൃക്ക ഏഴു വര്‍ഷം മുമ്പാണ് മാറ്റി വെച്ചത്. തുടര്‍ന്ന് സ്റ്റോറിലും പമ്പിലുമായിരുന്നു ഇയാള്‍‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി എംഡിയുടെ പുതിയ ജോലി പരിഷ്കരണത്തിന്റെ ഭാഗമായി ഇയാളോട് അധികൃതര്‍ ഡ്രൈവര്‍ ജോലിയില്‍ പ്രവേശിക്കാനോ അല്ലെങ്കില്‍ അവധിയെടുക്കാനോ ആവശ്യപ്പെട്ടതായാണ് ആക്ഷേപം. പിന്നീട് അവധിയില്‍ പ്രവേശിച്ച മുരളി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മുരളി മരിച്ചത്.

എന്നാല്‍ ലൈററ് ഡ്യൂട്ടി ചെയ്യാന്‍ മുരളിക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നിരുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മുരളിയെ ലൈറ്റ് ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നുവെന്നും മറ്റു ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തൊട്ടില്‍പ്പാലം ഡിപ്പോ അധികൃതര്‍ പറഞ്ഞു.