LiveTV

Live

Kerala

ഉത്തരേന്ത്യയിലെ ഉപ തെരഞ്ഞെടുപ്പ്: തകരാറിലായത് അധികവും വിവി പാറ്റ് യന്ത്രങ്ങള്‍

ഉത്തരേന്ത്യയിലെ ഉപ തെരഞ്ഞെടുപ്പ്: തകരാറിലായത് അധികവും വിവി പാറ്റ് യന്ത്രങ്ങള്‍
Summary
റീപോളിംഗിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

ഉത്തരേന്ത്യയില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തകരാറിലായത് അധികവും വിവിപാറ്റ് മെഷീനുകള്‍. വോട്ടിംഗ് മെഷീനുകള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്നും റിപ്പോര്‍ട്ട്. റീപോളിംഗ് നടത്തണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1200 ല്‍ അധികം വിവിപാറ്റ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഐക്യം കൊണ്ട് ശ്രദ്ധേയമായ ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ മണ്ഡലത്തില്‍ 355 യന്ത്രങ്ങള്‍ മാറ്റിവെച്ചു. മണ്ഡലത്തില്‍ ആകെ ഉപയോഗിച്ച വിവിപാറ്റുകളുടെ 20.8 ശതമാനമാണിത്. ശക്തമായ പോരാട്ടം നടന്ന ബന്ദാര ഗോണ്ഡിയയില്‍ 19.22 ശതമാനവും പല്‍ഘാറില്‍ 13.16 ശതമാനവും വിവിപാറ്റ് യന്ത്രങ്ങള്‍ മാറ്റിവെക്കേണ്ടി വന്നു, ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ളതിന്റെ 11.67 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും മാറ്റിവെച്ചു. എന്നാല്‍ ഒരു ശതമാനത്തില്‍ താഴെ വോട്ടിംഗ് മെഷീനുകള്‍ക്ക് മാത്രമേ തകരാറുണ്ടായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം റീപോളിംഗ് വേണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്നതിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും ചൂടുകൂടിയതുമാണ് മെഷീന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും കമ്മീഷന്‍ വിശദീകരിച്ചു. എന്നാല്‍ ഈ വാദം മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മ തള്ളി. 2011-12 കാലയളവില്‍ എല്ലാ കാലവസ്ഥയിലും യന്ത്രം പരിശോധിച്ചതാണെന്ന് ബ്രഹ്മ പറഞ്ഞു. റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.