LiveTV

Live

Kerala

ചെങ്ങന്നൂരില്‍ ടിവി കേബിള്‍ ശൃംഖല നശിപ്പിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ആക്ഷേപം

ചെങ്ങന്നൂരില്‍ ടിവി കേബിള്‍ ശൃംഖല നശിപ്പിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ആക്ഷേപം
Summary
കോട്ടയത്ത് ദുരഭിമാന കൊലക്ക് ഇരയായ കെവിന്‍റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ ശൃംഖല നശിപ്പിച്ചത്.

പുനലൂരിലെ ദുരഭിമാനക്കൊലയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലെ കേബിള്‍ ടി വി ശ്യംഖല വ്യാപകമായി നശിപ്പിച്ചു. ഉച്ചയോടെയാണ് പലയിടങ്ങളിലും കേബിള്‍ ടിവി വയറുകള്‍ മുറിച്ചത്. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. വാര്‍ത്ത ജനങ്ങളിലെത്താതിരിക്കാന്‍ സിപിഎം ബോധപൂര്‍വം കേബിളുകള്‍ നശിപ്പിച്ചതാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

പുനലൂരില്‍ ദലിത് യുവാവിനെ ദാരുണമായി കൊല ചെയ്തതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ചെങ്ങന്നൂരിലെ കേബിള്‍ ടിവി ശ്യംഖല വ്യാപകമായി നശിപ്പിക്കപ്പെട്ടത്. കേബിള്‍ ടിവിയുടെ ആംപ്ലിഫയറുകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ നോക്കി തിരഞ്ഞുപിടിച്ചാണ് അവ മുറിച്ചത്. കെവിന്റെ കൊലപാതകം വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനായി ബോധപൂര്‍വം സമൂഹ്യ വിരുദ്ധ ശക്തികള്‍ ചെയ്തതാണെന്നാണ് ആരോപണം. ഏഷ്യാനെറ്റ് കേബിള്‍ ടിവിയുടെ ചെങ്ങന്നൂരിലെ ശ്യംഖലയുടെ 30 ഇടങ്ങളില്‍ കേബിള്‍ മുറിച്ചു. ബഥേല്‍ ജംഗ്ഷന്‍, ഐ ടി ഐ, പാണ്ടാനാട്, മുണ്ടന്‍കാവ്, മുളക്കുഴ, ആഞ്ഞിലിമൂട് എന്നിവിടങ്ങളിലാണ് പ്രധാനമായും കേബിള്‍ നശിപ്പിക്കപ്പെട്ടത്. ഇവിടങ്ങളില്‍ പലയിടത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.

അതേസമയം വാര്‍ത്ത ജനങ്ങളിലെത്താതിരിക്കാന്‍ ബോധപൂര്‍വം കേബിള്‍ ശ്യംഖല നശിപ്പിച്ചതാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. പലയിടങ്ങളിലും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്. തകരാര്‍ പരിഹരിച്ച് പൂര്‍വ സ്ഥിതിയിലാക്കാന്‍ മണിക്കൂറുകള്‍ വേണം. ലക്ഷങ്ങളുടെ നഷ്ടമാണ് കേബിള്‍ ടിവി ശ്യംഖലകള്‍ക്ക് സംഭവിച്ചത്. സംഭവത്തില്‍ എ സി വി മാനേജ്മെന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.