LiveTV

Live

Kerala

അമ്പും വില്ലുമായുള്ള ചങ്ങാത്തം വിടാതെ ഗോവിന്ദന്‍

അമ്പും വില്ലുമായുള്ള ചങ്ങാത്തം വിടാതെ ഗോവിന്ദന്‍
Summary
വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്ന് അസ്ത്രവിദ്യ അഭ്യസിക്കാന്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തുന്നു.

ജീവിത സാഹചര്യം മൂലം നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച വ്യക്തിയാണ് വയനാട് അമ്പലവയല്‍ സ്വദേശി ഗോവിന്ദന്‍. എന്നാല്‍ ഇന്ന് വിദേശികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ശിഷ്യന്‍മാരാല്‍ സമ്പന്നനാണ് ഇദ്ദേഹം. അമ്പും വില്ലും നിര്‍മിക്കുന്നതില്‍ വിഗഗ്ധനായ ഗോവിന്ദന്‍ പാരമ്പര്യമായി കൈമാറിക്കിട്ടിയ അസ്ത്രവിദ്യയിലെ പ്രാവീണ്യം വരുംതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നു.

മൂന്നാമത്തെ വയസിലാണ് ഗോവിന്ദന്‍ അമ്പും വില്ലുമായുള്ള ചങ്ങാത്തം ആരംഭിക്കുന്നത്. മുത്തച്ഛനിന്‍ നിന്നാണ് അസ്ത്രവിദ്യയിലെ പ്രഥമിക പാഠങ്ങള്‍ സ്വന്തമാക്കിയത്. ഇതോടൊപ്പം ഇവയുടെ നിര്‍മാണത്തിലും വൈദഗ്ധ്യം നേടി. ഇന്ന് അറുപത്തി എഴാം വയസ്സില്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ അറിവ് വരും തലമുറക്ക് പകര്‍ന്ന് നല്‍കുകയാണ് ഇദ്ദേഹം.

വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്ന് അസ്ത്രവിദ്യ അഭ്യസിക്കാന്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തുന്നു. വരുമാനമാര്‍ഗം എന്നതിനപ്പുറം അന്യംനിന്ന് പേവുന്ന ഒരു കലയെ ലോകത്തിന് മുന്നില്‍ എത്തിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

പരിശീലനം നല്‍കുന്നതോടൊപ്പം വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇദ്ദേഹം അമ്പെയ്ത്ത് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള നിര്‍മാണം ഏറെ ശ്രമകരമാണ്. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന മുളയും മണലി എന്ന കാട്ടുചെടിയും ഉപയോഗിച്ചാണ് അമ്പും വില്ലും നിര്‍മിക്കുന്നത്. എന്നാല്‍ ഇന്ന് ഇവ ശേഖരിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ മരവും പ്ലാസ്റ്റിക്കും സ്റ്റീലും ഉപയോഗിച്ചാണ് അമ്പും വില്ലും നിര്‍മിക്കുന്നത്. കാലം മാറിയെങ്കിലും അസ്ത്രവിദ്യ കൈവിടാന്‍ ഇദ്ദേഹം ഒരുക്കമല്ല. തനിക്ക് ശേഷവും ഈ കല നിലനില്‍ക്കണം. അതിനായി പേരമക്കള്‍ക്ക് കളിപ്പാട്ടമായി ഈ മുത്തച്ഛന്‍ നിര്‍മിച്ച് നല്‍കിയത് അമ്പും വില്ലുമാണ്.