LiveTV

Live

Kerala

നിപ ലക്ഷണങ്ങളുള്ള 29 പേര്‍ നിരീക്ഷണത്തില്‍

 നിപ ലക്ഷണങ്ങളുള്ള 29 പേര്‍ നിരീക്ഷണത്തില്‍
Summary
നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

സംസ്ഥാനത്ത് നിപ വൈറസ് ലക്ഷണങ്ങളോടെ 29 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളില്‍ ഇന്ന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ചിരുന്ന പന്തിരിക്കര സ്വദേശി മൂസ മരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. അതേസമയം നിപ വൈറസ് ബാധ തടയാന്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്ന് കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്താകെ നിപ വൈറസ് ബാധ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലായവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിപ വൈറസ് ബാധിതരില്‍ നിന്നും രോഗം പകര്‍ന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. ഇതോടെ മരിച്ചവരുള്‍പ്പെടെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

നേരത്തെ നിപ സ്ഥിരീകരിച്ച പന്തിരിക്കര സൂപ്പിക്കട സ്വദേശി മൂസ ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൂസയുടെ മക്കളായ സാബിത്തും സ്വാലിഹും നിപ വൈറസ് ബാധയെത്തുടര്‍ന്ന് നേരത്തെ മരിച്ചു. നിപ വൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ആളുകള്‍ പോകുന്നതിന് ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിപ വൈറസ് ബാധിതരായ മൂന്ന് പേര്‍ക്ക് ഇന്ന് നിബാ വൈറിന്‍ മരുന്ന് നല്‍കിയിട്ടുണ്ട്. ഇത് എത്രത്തോളം ഫലം ചെയ്യുമെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ വൈറസ് ബാധിത മേഖലയിലെ വിവരങ്ങള്‍ ലഭ്യമാക്കാനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷനും ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം നിപ വൈറസ് ബാധ ചെറിയ പ്രദേശത്തെ പ്രശ്നം മാത്രമാണെന്നാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്‍റെ വിലയിരുത്തല്‍.

നിപാ ലക്ഷണങ്ങളുമായി 29 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്- 11
തിരുവനന്തപുരം- 1
കോട്ടയം- 2
എറണാകുളം- 4
തൃശൂര്‍- 1
മലപ്പുറം- 9
വയനാട്- 1