LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌റ്റെന്റ് വിതരണം നിലച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌റ്റെന്റ് വിതരണം നിലച്ചു
Summary
18 കോടി രൂപ കുടിശ്ശിക വന്ന സാഹചര്യത്തിലാണ് കാര്‍ഡിയാക് സ്‌റ്റെന്റ് സപ്ലയേഴ്‌സ് അസോസിയേഷന്‍ വിതരണം നിര്‍ത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള സ്‌റ്റെന്റ് വിതരണം നിലച്ചു. 18 കോടി രൂപ കുടിശ്ശിക വന്ന സാഹചര്യത്തിലാണ് കാര്‍ഡിയാക് സ്‌റ്റെന്റ് സപ്ലയേഴ്‌സ് അസോസിയേഷന്‍ വിതരണം നിര്‍ത്തിയത്. എന്നാല്‍ 2017 ഡിസംബര്‍ വരെയുള്ള കുടിശ്ശിക തീര്‍ത്തതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.

2013 മുതലുള്ള കുടിശ്ശിക തുക 18 കോടിയോളം രൂപയുണ്ടെന്നാണ് അസോസിയേഷന്റെ വാദം. മാര്‍ച്ച് 31നകം കുടിശ്ശിക തീര്‍ക്കാമെന്ന് മെഡിക്കല്‍ കോളജ് അറിയിച്ചിരുന്നു. എന്നാല്‍ മെയ് 15 വരെ സമയം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് അസോസിയേഷന്‍ ആരോപിച്ചു. കുടിശ്ശികയെ തുടര്‍ന്ന് നേരത്തെ രണ്ട് തവണ അസോസിയേഷന്‍ സ്‌റ്റെന്റ് വിതരണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കുടിശ്ശിക തീര്‍ക്കുമെന്ന ഉറപ്പിന്മേല്‍ വിതരണം തുടര്‍ന്നു. മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ കുടിശ്ശിക വരുത്തുന്നില്ലെന്നും അസോസിയേഷന്‍ അറിയിച്ചു.

ആശുപത്രി വികസന സമിതിയാണ് കുടിശ്ശികക്ക് കാരണമെന്നാണ് അസോസിയേഷന്റെ പരാതി. എന്നാല്‍ അസോസിയേഷന്റെ ആരോപണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് തള്ളി. കുടിശ്ശിക തീര്‍ത്തതാണെന്നും ബില്ലുകള്‍ നല്‍കുന്ന പക്ഷം ബാക്കി തുകയും നല്‍കുമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.