LiveTV

Live

Kerala

വയല്‍ക്കിളികളെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രാദേശിക നേതൃത്വം

വയല്‍ക്കിളികളെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രാദേശിക നേതൃത്വം
Summary
കീഴാറ്റൂരിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഏരിയ സെക്രട്ടറിക്ക് കത്ത് നല്‍കി. 

വയല്‍ക്കിളികളെ പാര്‍ട്ടി ശത്രുക്കളായി കണക്കാക്കി സോഷ്യല്‍ മീഡിയകളിലൂടെ വിമര്‍ശിക്കരുതെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധമുയര്‍ത്തി പ്രാദേശിക നേതൃത്വം. കീഴാറ്റൂരിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഏരിയ സെക്രട്ടറിക്ക് കത്ത് നല്‍കി.

സമര നേതാവ് സുരേഷ് കീഴാറ്റൂരുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ രഹസ്യ ചര്‍ച്ചക്ക് ശേഷമാണ് ലോംങ് മാര്‍ച്ചില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങാന്‍ വയല്‍കിളികള്‍ തീരുമാനിച്ചത്. തൊട്ട് പിന്നാലെ വയല്‍കിളികളുമായി നടത്തിയ ചര്‍ച്ച സ്ഥിരീകരിച്ച് പി.ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഈ പോസ്റ്റിലാണ് വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി ശത്രുക്കളായി കണക്കാക്കി സമൂഹ മാധ്യമങ്ങളിലും മറ്റും അണികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ ജയരാജന്‍ നിര്‍ദ്ദേശിച്ചത്.

ബൈപ്പാസ് വിഷയത്തില്‍ ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളെ പിന്തുണക്കുന്നവരാണ് വയല്‍ക്കിളികള്‍. ഇവരെ ശത്രു പാളയത്തില്‍ എത്തിക്കുന്ന സമീപനം ഉണ്ടാവരുതെന്നും ജയരാജന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെയാണ് കീഴാറ്റൂരടക്കം തളിപ്പറമ്പിന്റെ വിവിധ മേഖലകളില്‍ നിന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയത്. പാര്‍ട്ടിക്കെതിരെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വയല്‍ക്കിളികളെ അംഗീകരിക്കാനാവില്ലന്നാണ് ഇവരുടെ നിലപാട്.

ഇതിനിടെ കീഴാറ്റൂര്‍ മേഖലയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇന്നലെ പാര്‍ട്ടി ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍ മുമ്പാകെ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നല്‍കി. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിസന്നദ്ധതയറിയിച്ചെന്ന വാര്‍ത്ത ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ നിഷേധിച്ചു.