LiveTV

Live

Kerala

കല്ലായി പുഴ സംരക്ഷണത്തിനായി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

കല്ലായി പുഴ സംരക്ഷണത്തിനായി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
Summary
ജണ്ടകെട്ടി പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കല്ലായി പുഴ സംരക്ഷണ സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.

കല്ലായി പുഴ സംരക്ഷണത്തിനായി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. ജണ്ടകെട്ടി പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കല്ലായി പുഴ സംരക്ഷണ സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കല്ലായി പുഴ സംരക്ഷണ സമിതിയുടെ പരിശ്രമ ഫലമായാണ് കയ്യേറ്റം കണ്ടെത്താന്‍ ജില്ലാ ഭരണകൂടം സര്‍വെ നടത്തിയത്. ഇരുപത്തി മൂന്നര ഏക്കര്‍ പുഴ കയ്യേറിയതായി കണ്ടെത്തുകയും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ സര്‍വെ കല്ലുകള്‍ പല ഭാഗത്തും നീക്കം ചെയ്തു കഴിഞ്ഞു. പുഴ സംരക്ഷണത്തിനായി ജണ്ടകള്‍ സ്ഥാപിക്കണമെന്നാണ് കല്ലായി പുഴ സംരക്ഷണ സമിതിയുടെ ആവശ്യം. എന്നാല്‍ ഉദ്യോഗസ്ഥര്‍ കയ്യേറ്റകാരുമായി ഒത്തുകളിച്ച് പദ്ധതിയെ അട്ടിമറിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഈ പശ്ചാത്തലത്തിലാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.

ജണ്ടകെട്ടി കല്ലായി പുഴ സംരക്ഷിക്കുന്നതിന് തടസമില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടും ജണ്ട സ്ഥാപിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണെന്ന് പുഴ സംരക്ഷണ സമിതി ആരോപിക്കുന്നു. കയ്യേറ്റം നടത്തിയവര്‍ സ്വന്തം ചെലവില്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്നാണ് പ്രധാന ആവശ്യം. ജണ്ടകള്‍ സ്ഥാപിക്കുന്നത് തടഞ്ഞാല്‍ കല്ലായി പുഴ സംരക്ഷണ സമിതി അതിനെ ജനകീയമായി നേരിടും. ഒരാഴ്ച്ചക്കകം ജണ്ട സ്ഥാപിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് സമര സമരിതി അറിയിച്ചു.