LiveTV

Live

Kerala

ആവശ്യത്തിന് സീറ്റുകളില്ല; മലപ്പുറത്ത് പ്ലസ്‍ടു പഠനം പ്രതിസന്ധിയില്‍

 ആവശ്യത്തിന് സീറ്റുകളില്ല; മലപ്പുറത്ത് പ്ലസ്‍ടു പഠനം പ്രതിസന്ധിയില്‍
Summary
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പഠിക്കാന്‍ കുട്ടികളില്ലാതെ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലപ്പുറത്ത് ഈ പ്രതിസന്ധി

മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി വിജയിച്ച 31,083 കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയില്‍. തുടര്‍പഠനത്തിന് ആവശ്യമായ സീറ്റുകളില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വലിയ വിഭാഗം കുട്ടികളും ഇത്തവണയും ഓപ്പണ്‍ സ്കൂളിനെ ആശ്രയിക്കേണ്ടിവരും.

77922 കുട്ടികളാണ് മലപ്പുറം ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത്. പ്ലസ്ടു, വിഎച്ച്എസ്ഇ, ഐടിഐ, പോളി ടെക്നിക് സീറ്റുകള്‍ എല്ലാം ചേര്‍ത്താലും ഉപരിപഠനത്തിനായി ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ ആകെയുള്ളത് 46845 സീറ്റുകളാണ്. എസ്എസ്എല്‍സി വിജയിച്ച 31083 കുട്ടികള്‍ക്ക് പഠിക്കാന്‍ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ അവസരമില്ല എന്ന് സാരം. 11286 അണ്‍ എയ്ഡഡ് സീറ്റുകളുണ്ട്. ഇവിടെ പഠിക്കാന്‍ ഭീമമായ തുക മുടക്കണം. അതും ആവശ്യമായതിന്റെ മൂന്നിലൊന്ന് സീറ്റേ ആകുന്നുള്ളൂ.

പതിവ് പോലെ ഇത്തവണയും ജില്ലയിലെ വലിയൊരു വിഭാഗം കുട്ടികള്‍ ഓപണ്‍ സ്കൂളിനെ ആശ്രയിക്കേണ്ടി വരും. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പഠിക്കാന്‍ കുട്ടികളില്ലാതെ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലപ്പുറത്ത് ഈ പ്രതിസന്ധി.