LiveTV

Live

Kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ റിമാന്‍ഡ് ചെയ്തു

സാമ്പത്തിക തട്ടിപ്പ് കേസ്: സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ റിമാന്‍ഡ് ചെയ്തു
Summary
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തും ആശ്രിത നിയമനത്തിന്റെ പേരിലും ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പിഎ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതിയായ പി സതീശനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സതീശനെ റിമാന്‍ഡ് ചെയ്തത്. വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

ആശ്രിത നിയമനം വേഗത്തിലാക്കാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് രണ്ടരലക്ഷം രൂപയും, കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 50000 രൂപയും തട്ടിയെന്നാണ് പരാതി. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരനാണ് കേസിലെ പ്രതിയായ പി സതീശന്‍.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന് പറഞ്ഞും സിപിഎം ബന്ധങ്ങള്‍ കാണിച്ചുമായിരുന്നു പി സതീശന്റെ തട്ടിപ്പ്. സര്‍ക്കാര്‍ ജോലിയിലിരിക്കെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് ഫറൂഖ് സ്വദേശിനിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയോളം വാങ്ങിയത്. ഇവരുടെ ബന്ധുക്കള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 50000 രൂപയും വാങ്ങി. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. പാര്‍ട്ടി ബന്ധങ്ങള്‍ പറഞ്ഞ് പരാതിക്കാരെ ഇയാള്‍ പിന്തിരിപ്പിക്കാറായിരുന്നു പതിവ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറഞ്ഞ് നടത്തിയ തട്ടിപ്പിനെക്കുറിച്ച് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക്അറിവുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ സഹോദരനുമായി വര്‍ഷങ്ങളായി ബന്ധമില്ലെന്നാണ് പി ശശിയുടെ നിലപാട്.