LiveTV

Live

Kerala

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം പോയി

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം പോയി
Summary
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി സിപിഎം സ്വതന്ത്രനായ വി കെ കബീര്‍ വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്.

ഈരാറ്റുപേട്ട നഗരസഭയിൽ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി സിപിഎം
സ്വതന്ത്രന്‍ വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്.

നഗരസഭയിലെ ഹൈജീനിക് മാര്‍ക്കറ്റിന്റെ രണ്ടാംനില നിര്‍മാണവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ അവതരിപ്പിച്ച ടെന്‍ഡര്‍ കൗണ്‍സില്‍ ഒന്നടങ്കം തള്ളിക്കളഞ്ഞതാണ് ചെയർമാൻ ടി എം റഷീദിനെതിരെയും വൈസ് ചെയർമാൻ കുഞ്ഞുമോൾ സിണ്ടിനെതിരെയും രണ്ടാമത്തെ അവിശ്വാസം കൊണ്ടുവരാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചത്. ഇതിനെ പിന്തുണച്ച് സി പി എം സ്വതന്ത്രനായ വി കെ കബീർ കൂടി വോട്ട് ചെയ്തതോടെ അവിശ്വാസം പാസാക്കുകയായിരുന്നു. വിപ്പ് നല്കിയതിനെ തുടർന്ന് ഭരണപക്ഷത്തെ സിപിഎം, സിപിഐ, എസ്ഡിപിഐ അംഗങ്ങൾ വിട്ട് നിന്നെങ്കിലും വിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് കബീർ അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു.

ചെയർമാൻ റഷീദിനെ നേരത്തെ തന്നെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയതിനാൽ ഭരണം നഷ്ടമായിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. 28 സീറ്റുകളുള്ള നഗരസഭയിൽ 14 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ഉള്ളത്. അതുകൊണ്ട് തന്നെ ഭരണം തിരിച്ചുപ്പിടിക്കാൻ എല്‍ഡിഎഫ് ശ്രമിക്കുന്നുണ്ട്. 6 മാസം മുമ്പ് കൊണ്ടുവന്ന അവിശ്വാസം ഒരു ജനപക്ഷം അംഗത്തിന്റെ പിന്തുണയിൽ മറികടന്നിരുന്നു. എന്നാൽ ഇത്തവണ ജനപക്ഷവും ചെയർമാനെ സഹായിച്ചില്ല.