LiveTV

Live

Kerala

നഴ്സുമാരുടെ ശമ്പള പരിഷ്കരണം: സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

നഴ്സുമാരുടെ ശമ്പള പരിഷ്കരണം: സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല
Summary
ശമ്പള പരിഷ്കരണം ചോദ്യം ചെയ്ത ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി.

നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനെജ്മെന്‍റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ ആശുപത്രി ഉടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം. സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയായി ഉയർത്താനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ആശുപത്രി മാനെജ്മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇടക്കാല ഉത്തരവിലൂടെ വിജ്ഞാപനത്തിന് സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ആക്ഷേപമുണ്ടെങ്കില്‍ സര്‍ക്കാര്‍ മധ്യസ്ഥതയില്‍ പരിഹാരം തേടാമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ മധ്യവേനലവധിക്കു ശേഷം വിശദമായി വാദം കേള്‍ക്കും.

2017 നവംബര്‍ 17നാണ് നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നീക്കമെന്നു ചൂണ്ടിക്കാണിച്ച് മാനെജ്മെന്‍റുകള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. പിന്നീട് വിശദ വാദം കേട്ട കോടതി വിജ്ഞാപനവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കി. സര്‍ക്കാര്‍ വി‍ജ്ഞാപനവും ഇറക്കി. ആശുപത്രികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്ന് ചൂണ്ടിക്കാട്ടി മാനെജ്മെന്‍റുകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.