LiveTV

Live

Kerala

ചെങ്ങന്നൂരില്‍ സോഷ്യല്‍മീഡിയ പ്രചാരണവും ശക്തം

Summary
എല്ലാ പാര്‍ട്ടികളും ഉന്നത നേതാക്കള്‍ക്കു തന്നെ സൈബര്‍ പ്രചാരണത്തിന്റെ പ്രത്യേക ചുമതല അടക്കം നല്‍കിയാണ് സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

ചെങ്ങന്നൂരില്‍ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണം പോലെത്തന്നെ ശക്തമാണ് സോഷ്യല്‍മീഡിയ ഉപയോഗപ്പെടുത്തിയുള്ള വെര്‍ച്വല്‍ പ്രചാരണവും. എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ ഈ മേഖല കാര്യമായി ശ്രദ്ധിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എല്ലാ പാര്‍ട്ടികളും ഉന്നത നേതാക്കള്‍ക്കു തന്നെ സൈബര്‍ പ്രചാരണത്തിന്റെ പ്രത്യേക ചുമതല അടക്കം നല്‍കിയാണ് സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി യുവതലമുറ മാത്രമല്ല, പ്രായം ചെന്ന ആളുകള്‍ പോലും സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായി ഇടപെടുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാവാന്‍ തുടങ്ങിയതും പ്രായമായ ആളുകള്‍ വ്യാപകമായി അത്തരം സാങ്കേതിക വിദ്യകളുള്ള ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് കൃത്യമായി നേതാക്കള്‍ക്ക് ചുമതലയും ഉത്തരവാദിത്വവുമൊക്കെ നല്‍കി ചെങ്ങന്നൂരില്‍ എല്ലാ മുന്നണികളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നതും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും.

സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളും ദുഷ്പ്രചാരണങ്ങളുമാണ് തെരഞ്ഞെടുപ്പു രംഗത്തും ഈ മേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും മികച്ചത് ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മിഴിവോടെ ഈ രംഗത്ത് ഇടപെടാമെന്നതിനാല്‍ കഴിയാവുന്നിടത്തോളം നല്ല ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കാനും എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നു.