LiveTV

Live

Kerala

ഷുഹൈബ് വധം: സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 65 ലക്ഷം

ഷുഹൈബ് വധം:  സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 65 ലക്ഷം
Summary
ബാര്‍ കേസിന് യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് മൂന്ന് കോടി; കപില്‍ സിബലിന്റെ രണ്ട് സിറ്റിംഗിന് മാത്രം നല്‍കിയത് 70 ലക്ഷം രൂപ വീതം

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവിട്ടത് 60 ലക്ഷത്തിലേറെ രൂപ. ബാറുകള്‍ പൂട്ടിയ കേസ് നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ രണ്ട് സിറ്റിംഗിന് മാത്രം കബില്‍ സിബലിന് ഫീസായി മാത്രം നല്‍കിയത് 70 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ അഡ്വക്കറ്റ് ജനറലും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാരും ഉള്‍പ്പടെയുള്ളവര്‍ ഉള്ളപ്പോഴാണ് ഹൈക്കോടതിയിലെ വ്യവഹാര ധൂര്‍ത്ത്.

സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ ഷുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദം നടത്താന്‍ കേരളം ഹാജരാക്കിയത് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത് കുമാറിനെ. അഞ്ച് ദിവസത്തെ വാദത്തിന് പ്രതിഫലം 65 ലക്ഷം രൂപ.

കണ്‍സള്‍ട്ടേഷന്‍ ഫീസ് ഉള്‍പ്പടെ സുപ്രിംകോടതി അഭിഭാഷകന്‍ രഞ്ജിത് കുമാറിന് പ്രതിദിനം പതിനഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. എന്നാല്‍ യുഡിഎഫ് കാലത്ത് ബാറുകള്‍ പൂട്ടിയ കേസ് വാദിക്കാന്‍ കബില്‍ സിബലിന് നല്‍കിയത് കോടികളാണ്. 2015 ഡിസംബര്‍ ഒന്നിന് നിയമ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം കപില്‍ സിബലിന് നല്‍കിയത് ഒരു കോടി 98 ലക്ഷം രൂപ. അതേവര്‍ഷം ആഗസ്റ്റ് ആറിലെ ഉത്തരവ് അനുസരിച്ച് നല്‍കിയത് 72 ലക്ഷം രൂപ. ആകെ രണ്ട് കേസുകളിലായി 2 കോടി 70 ലക്ഷം രൂപ. രണ്ട് ദിവസത്തേക്ക് മാത്രം കപില്‍ സിബലിന് നല്‍കിയ സിറ്റിംഗ് ഫീസ് 70 ലക്ഷം രൂപ.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡ്വക്കേറ്റ് ജനറലും ഉള്‍പ്പടെയുള്ളവരും സര്‍ക്കാറിന് വേണ്ടി വിവിധ കേസുകളില്‍ ഹാജരാകുന്നതിന് പുറമേയാണ് സിറ്റിംഗിന് ദശലക്ഷങ്ങള്‍ മുടക്കിയുള്ള സര്‍ക്കാര്‍ ധൂര്‍ത്ത്.