LiveTV

Live

Kerala

ഇ പി ജയരാജന്റെ മകന്റെ റിസോര്‍ട്ടിന് വേണ്ടി കണ്ണൂരില്‍ വ്യാപകമായി കുന്നിടിക്കുന്നു

ഇ പി ജയരാജന്റെ മകന്റെ റിസോര്‍ട്ടിന് വേണ്ടി കണ്ണൂരില്‍ വ്യാപകമായി കുന്നിടിക്കുന്നു
Summary
സി.പി.എം നിയന്ത്രണത്തിലുളള ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഉടുപ്പക്കുന്നിലാണ് ഈ അനധികൃത കുന്നിടിക്കല്‍ നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ പഞ്ചായത്തില്‍ ആയൂര്‍വേദ റിസോര്‍ട്ടിനായി വ്യാപകമായി കുന്നുകള്‍ ഇടിച്ച് നികത്തുന്നു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്റെ മകന്‍ പി.കെ ജെയ്സന്‍ ചെയര്‍മാനായ സ്വകാര്യ കമ്പനിയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി കുന്നുകള്‍ ഇടിച്ച് നിരത്തുന്നത്. പ്രദേശത്തെ ഒമ്പതര ഏക്കര്‍ കുന്ന് നികത്തിയാണ് റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്.

സി.പി.എം നിയന്ത്രണത്തിലുളള ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഉടുപ്പക്കുന്നിലാണ് ഈ അനധികൃത കുന്നിടിക്കല്‍ നടക്കുന്നത്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി പ്രദേശത്തെ കുന്നുകള്‍ ഇടിച്ച് നിരത്തുന്നത്.

സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്റെ മകന്‍ പുതുശേരി കോറോത്ത് ജയ്സനാണ് കമ്പനിയുടെ ചെയര്‍മാന്‍‍. കമ്പനിയുടെ 2500 ഓഹരികള്‍ ജയ്സന്റെ പേരിലുണ്ടെന്ന് ഇവര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. 2014 ഡിസംബര്‍ 9ന് രജിസ്ട്രര്‍ ചെയ്ത ഈ കമ്പനി ഒന്നര വര്‍ഷം മുമ്പാണ് വെളളിക്കീല്‍ റോഡിന് ഇടത് വശത്തുളള ഒമ്പതര ഏക്കര്‍ കുന്ന് വിലക്ക് വാങ്ങുന്നത്. ആയു‍ര്‍വ്വേദ ആശുപത്രി, തിരുമ്മല്‍ കേന്ദ്രം, ആയുര്‍വേദ റിസോര്‍ട്ട്, ഉദ്യാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിര്‍മിക്കുന്നത്.

ആലപ്പുഴയിലുളള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. താഴ്‍വാരത്തെ ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റി മണ്ണിട്ട് നികത്തിയാണ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചിട്ടുളളത്. അതീവ പരിസ്ഥിതി പ്രാധാന്യമുളള ഉടുപ്പക്കുന്ന് മണ്ണിട്ട് നികത്തുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം പരാതി നല്കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.