LiveTV

Live

Kerala

ആലുവ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും

ആലുവ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും
Summary
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐ ക്രിസ്‍പിന്‍ സാമിന്റെ മൊഴികളുടെയും വയര്‍ലെസ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ ചോദ്യം ചെയ്യുക. അറസ്റ്റിലായ പറവൂർ സി ഐ ക്രിസ്‍പിന്‍ സാമിനെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സിനെ നിയന്ത്രിച്ചിരുന്ന എ എ.വി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്‍പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിന് പുറമെ ശ്രീജിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകളും വയര്‍ലെസ് റെക്കോര്‍ഡും പരിശോധിക്കും. കസ്റ്റഡി കൊലപാതകം നടക്കുമ്പോള്‍ എ.വി. ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. ആര്‍ടിഎഫുകാരെ ഉപയോഗിച്ച് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത് എവി ജോര്‍ജുമായി ആശയവിനിമയം ശേഷമാണെന്നാണ് സി ഐ ക്രിസ്‍പിന്‍ സാംമിന്റെ മൊഴി. കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ ഭാര്യയുടെ ഹരജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസ് നീക്കം.

അതേസമയം കേസില്‍ അറസ്റ്റിലായ പറവൂര്‍ സി ഐ ക്രിസ്‍പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത, വീടാക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്തത് പിറ്റേന്നാണ് എന്ന മട്ടില്‍ തയ്യാറാക്കിയ കേസ് രേഖ വരാപ്പുഴ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു വഴി അന്യായ തടങ്കലിനും, തെറ്റായ കേസ് രേഖ തയ്യാറാക്കുന്നതിനും സിഐ ഒത്താശ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ.