LiveTV

Live

Kerala

തിരഞ്ഞെടുപ്പ് ചൂടിൽ ചെങ്ങന്നൂർ

തിരഞ്ഞെടുപ്പ് ചൂടിൽ ചെങ്ങന്നൂർ
Summary
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങളെപ്പറ്റി അജാസ് പത്തനാപുരം എഴുതുന്നു.

1957 മുതൽ നടന്ന പതിനഞ്ച് തിരഞ്ഞെടുപ്പുകളിൽ പത്തെണ്ണത്തിൽ കോൺഗ്രസ്സും അഞ്ചെണ്ണത്തിൽ ഇടത് സഖ്യവും വിജയിച്ച മണ്ഡലം. ചരിത്രത്തെ ചുവപ്പു നിറം കൊണ്ടും നീല നിറം കൊണ്ടുമെല്ലാം 'കളർ ഫുൾ' ആക്കിയ ചെങ്ങണൂർ അവിടുത്തെ ആദ്യ ഉപതിരഞ്ഞെടുപ്പു മാമാങ്കത്തിനുള്ള കളരിയുടെ അറ്റകുറ്റപണികളിലാണ്. വേങ്ങരയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് തിരഞ്ഞെടുപ്പ് എത്തി നിൽക്കുമ്പോൾ രാഷ്ട്രീയ കാലാവസ്ഥക്ക് ചൂട് കൂടുതലാണ്. ഏറ്റവും കൂടുതൽ രാഷ്ട്രീയ താപനില രേഖപ്പെടുത്തുന്ന മണ്ഡലമായി ചെങ്ങന്നൂർ മാറുമെന്ന് തീർച്ച. അത് പോലെ തന്നെ മൂന്ന് സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ചിത്രം ഒപ്പത്തിന് ഒപ്പമാണ്.

ഇടതുപക്ഷ സ്ഥാനാർത്ഥിയായ സജി ചെറിയാൻ 2015 മുതൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. 2006 ൽ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. പെയിൻ ആന്റ് പാലിയേറ്റീവ് ഉൾപ്പെടെയുള്ള ജീവ കാരുണ്യ മേഖലയിൽ സജീവമാണ്. പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്നതിനാൽ മണ്ഡലത്തിന്റെ രാഷ്ട്രീയ പൾസ് സജി ചെറിയാൻ കൃത്യമായി അറിയാം. വിജയം സർക്കാരിന്റെ ഭരണവിലയിരുത്തലാകുന്ന തിരഞ്ഞെടുപ്പിൽ, കരുത്തനായ സ്ഥാനാർഥി വേണമെന്ന പാർട്ടി തീരുമാനത്തിലാണ് സജി ചെറിയാൻ നറുക്ക് വീണത്. യു.ഡി.എഫും തങ്ങളുടെ സ്ഥാനാർഥിയായി കളത്തിൽ ഇറക്കിയിരിക്കുന്നത് ചില്ലറക്കാരനെ അല്ല. മണ്ഡലത്തിന്റെ എല്ലാ വശങ്ങളും അരച്ച് കലക്കിക്കുടിച്ച ഡി.വിജയകുമാറിനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. അയ്യപ്പ സേവാ സംഘത്തിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാർ കെ.പി.സി. സി നിർവാഹക സമിതി അംഗവുമാണ്. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതെങ്കിലും പൊതു പ്രവർത്തന രംഗത്ത് ഓടിച്ചാടി നിൽക്കുന്ന വിജയകുമാറിലൂടെ വിജയം കാണുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രതിനിധീകരിച്ച, എതിർ സ്ഥാനാർഥികൾക്ക് വെല്ലുവിളി ഉയർത്തിയ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമായ ശ്രീധരൻപിള്ള തന്നെയാണ് ഇത്തവണയും അങ്കത്തട്ടിൽ. ബി.ഡി.ജെ.എസ്, എൻ.എസ്.എസ് എന്നീ സാമുദായിക സംഘടനകൾക്കും ശ്രീധരൻ പിള്ളയോട് താൽപര്യമുണ്ടത്രെ! മണ്ഡലത്തിന്റെ മനസ്സറിയാവുന്ന ശ്രീധരൻ പിളള വ്യക്തമായ കരുതലോടുകൂടിയാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിനെ വരവേൽക്കാൻ തന്ത്ര- കുതന്ത്രങ്ങൾ മെനയാനായി ആലകൾ പണികഴിപ്പിക്കുകയാണ് രാഷ്ട്രീയ കക്ഷികൾ. മെയ് 28നാണ് വോട്ടെടുപ്പ് 31നാണ് ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പ് ചൂടിൽ ചെങ്ങന്നൂർ

ഭരണപക്ഷമായതിനാൽ ഇടത് മുന്നണിയുടെ ഗ്ലാമർ പരിശോധന കൂടിയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. വലത്തോട്ട് ചരിവുള്ള ഒരു തോണിയിൽ സഞ്ചരിച്ചിരുന്ന ചെങ്ങന്നൂരിനെ കെ.കെ രാമചന്ദ്രൻ നായരിലൂടെ ഇടത്തേക്ക് ചരിക്കാൻ ഇടത് മുന്നണി നന്നേ പ്രയാസപ്പെട്ടിരുന്നു. പക്ഷെ, അവിടം തന്നെ വീണ്ടും ബല പരീക്ഷണത്തിന് വേദിയാകുമെന്ന് ഇടതു മുന്നണി പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടിയും കിഴിച്ചുമൊക്കെ നോക്കുമ്പോൾ ഭരണ പ്രഭയ്ക്ക് മൈലേജ് കുറഞ്ഞിരിക്കുകയാണ്. ശുഹൈബ് വധം മുതൽ വരാപ്പുഴ കസ്റ്റഡി മരണം വരെ ചെങ്ങന്നൂരിൽ ചൂടുള്ള ചർച്ചയ്ക്ക് വഴി തെളിക്കുമെന്നത് തീർച്ച. രണ്ടാം പിറന്നാളിൽ പിണറായും കൂട്ടരും എത്തിയതിനാൽ ചെങ്ങന്നൂർ ഫലം സർക്കാരിന് വിലപ്പെട്ടതാണ്. ഓരോ വകുപ്പുകൾക്കും മുഖ്യൻ മാർക്കിട്ട് തുടങ്ങിയതിനാൽ ചെങ്ങന്നൂർ പരീക്ഷ പരീക്ഷണമാകാതിരിക്കാനുള്ള ഹോം വർക്കിലാണ് പാർട്ടി. മുഖ്യന്റെ മുഖ്യവകുപ്പായ ആഭ്യന്തരത്തിൽ നിന്ന് ശുഭകരമല്ലാത്ത വർത്തമാനങ്ങൾ മാത്രം മുഴങ്ങി നിൽക്കുന്നതിനാൽ ചെങ്ങന്നൂരിൽ വകുപ്പിനെ പൊരിക്കപ്പെടാൻ സാധ്യത ഏറെയാണ്. സർക്കാരിനെ വിമർശിക്കാൻ യാതൊരു മടിയും കാണിക്കാത്ത സ്വന്തം ടീം അംഗങ്ങളായ സി.പി.ഐയെ സോപ്പിടലാകും പ്രാഥമികമായി ചെയ്യുക. പക്ഷെ, ഈ പ്രശ്ന പരിഹാരത്തിന് അങ്ങേക്കരയിലേയും ഇങ്ങേക്കരയിലേയും പാർട്ടി സെക്രട്ടറിമാർ ഫോൺ കോളിലൊതുങ്ങുന്ന ഒരു സന്ധി നടത്തിയാൽ മാത്രം മതിയാകും. കാനം സഖാവിന്റെ മുന്നിൽ വെച്ച് മാണി സാറിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് മാത്രം. കെ.എം മാണിക്കെതിരെ കോഴ പാട്ട് പാടി നടന്ന സഖാക്കൾ അതേ നാവ് കൊണ്ട് മണിക്യ‍മലരായ സാറാക്കി തിരുത്തി പുകഴ്ത്തി പാടുന്നതിനാൽ പാലയിലെ രണ്ടിലയും കമ്മ്യൂണിസ്റ്റ് ഇലയും തമ്മിൽ മുത്തം വെയ്ക്കാൻ ചെങ്ങന്നൂരിൽ സാധ്യത കാണുന്നു.
വോട്ടെണ്ണിക്കഴിയും വരെയെങ്കിലും മുഖ്യമന്ത്രിയോട് കോടിയേരി സഖാവ് ചിരി ആവശ്യപെട്ടേക്കാം. കുറിച്ചുവെച്ച ഡയ - ലോഗുമായി വി.എസ് ചെങ്ങന്നൂരിൽ എത്തും. വാളകം വഴി പിള്ളയും പുള്ളയും എത്തും. 1957 ൽ നടന്ന തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ആർ.ശങ്കരനാരായണൻ തമ്പിയെ വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ മണ്ഡലം എന്ന നിലയ്ൽ ചരിത്രമുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. എന്നാൽ സമകാലിക രാഷ്ട്രീയം തിളച്ച് മറിയാൻ സാധ്യത കൂടുതലായതിനാൽ ഇടതുപക്ഷത്തിന് മണ്ഡലം നിലനിർത്താൻ പതിനെട്ട് അടവും പയറ്റേണ്ടി വരും. സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പരിശോധന കൂടിയായിരിക്കും ഉപതിരഞ്ഞെടുപ്പ്. ചെങ്ങന്നൂരിൽ വികസനം തിളച്ച് മറിച്ചെന്ന് പറയുമെങ്കിലും നന്നേ വിയർക്കേണ്ടി വരും ഇടത് പക്ഷത്തിന് ചെങ്ങന്നൂരിൽ. കാരണം അത്ര സുഖകരമല്ലായിരുന്നു സമകാലിക സംഭവങ്ങളും അതിനോടുള്ള സർക്കാർ നിലപാടുകളും.

ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടുവാനുള്ള ആരോഗ്യമൊക്കെ ഇപ്പോൾ യു.ഡി.എഫിന് ഉണ്ട്. ഉള്ളിൽ പടലപിണക്കങ്ങളോക്കെ ഉണ്ടങ്കിലും അതൊക്കെയാണ് ഞങ്ങളെന്ന് പറയുന്നവരാണ് കോൺഗ്രസുകാർ. ചെങ്ങന്നൂരിന്റെ വികസന രാഷ്ട്രീയത്തിൽ തൊട്ട് നോക്കാൻ സാധ്യത കുറവാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിക്കാനുള്ള കാര്യ കാരണ പട്ടിക തയാറാക്കുന്ന തിരക്കിലാണ് യൂ ഡി എഫ് .കൊലപാതക രാഷ്ട്രീയത്തെ എരിവും പുളിയും ചേർത്ത് ചെങ്ങന്നൂരിൽ അവതരിപ്പിക്കും. ഹൈക്കമാന്റിലേക്കുള്ള യാത്ര ഇപ്പോൾ കുറവായതിനാൽ ഹസൻ സാഹിബ്, ഉമ്മൻ ചാണ്ടി, സുധീരൻ എന്നിവർ തമ്പടിച്ച് പ്രചരണം കൊഴുപിക്കും. മണ്ഡലത്തിന്റെ അയൽവാസിയായ ഹരിപ്പാട്ടുകാരനായ ചെന്നിത്തലയും ആലപ്പുഴക്കാരനായ ചെങ്ങന്നൂരിനെ അറിയാവുന്ന ഏ.കെ ആന്റണിയും മണ്ഡലത്തിൽ എത്തും. അവസാന നിമിഷം രാഹുൽജി കടന്ന് വന്ന് നടന്ന് വോട്ട് ചോദിക്കാനും സാധ്യയ ഏറെ. മാണി സാറിനെ തൽക്കാലം ചെങ്ങന്നൂരിൽ സാറേ എന്ന് വിളിക്കാൻ കാത്ത് നിൽക്കില്ല. യു.ഡി.എഫിന് രാഷ്ട്രീയ കരുത്ത് തെളിയ്ക്കാനുള്ള അങ്കത്തട്ടാണ് ചെങ്ങന്നൂർ. ഭാരത ജനതാ പാർട്ടിയും ചെങ്ങന്നൂരിൽ ഇറങ്ങി കളിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ബി.ജെ.പി കാഴ്‍ച വെച്ചത്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഒപ്പം ഓടി നിൽക്കുവാനുള്ള ശ്രമമായിരിക്കും ബി.ജെ.പി നടത്തുക. എന്നാൽ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലുമാണ്. 2011 ലെ തിരഞ്ഞെടുപ്പിൽ 6062 വോട്ടാണ് ബി.ജെ.പി സ്ഥാനാർത്ഥിക്ക് താമര ചിഹ്നത്തിൽ ലഭിച്ചപ്പോൾ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,682 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥി നേടിയത്. ഇതിന് കാരണം വെള്ളാപ്പള്ളിയുടെ സമയോചിത ഇടപെടലുകളാണെന്നാണ് ബി.ഡി.ജെ.എസിന്റെ വാദം. എന്നാൽ, ഇത്തവണ ബി.ഡി.ജെ.എസ്സിന്റ അഭാവത്തിൽ ബി.ജെ.പി എങ്ങിനെ, എത്ര വോട്ടുകൾ നേടും എന്നത് ചോദ്യചിഹ്നമായി നില നിൽക്കുകയാണ്. ഡസനോളമുള്ള കേന്ദ്ര മന്ത്രിമാരെ ചെങ്ങന്നൂരിൽ എത്തിച്ച്, സുരേഷ് ഗോപിയെ അഴിച്ച് വിടും. കണന്താന സാറിന്റെ പുതിയ വീക്ഷണങ്ങൾ മുഴങ്ങി കേൾക്കും. ജനരക്ഷാ യാത്രയ്ക്ക് നടക്കാനെത്തി ഓടി പോയ അമിത് ഷാ, ചെങ്ങന്നൂരിൽ പൊങ്ങാനുള്ള സാധ്യതയും കാണുന്നു. കത്‍വ സംഭവം മണ്ഡലത്തിൽ കത്തുമെന്നതിനാൽ, വോട്ടിൽ ബാധിക്കാതിരിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് പാർട്ടി നേതൃത്വം.
'രാഷ്ട്രീയ കേരളത്തിന്റെ ചായക്കടകളിലെ ചൂടുള്ള, കടുപ്പം നിറഞ്ഞ ചർച്ചയായി മാറുകയാണ് ചെങ്ങന്നൂർ. ഇതിനാൽ കാത്തിരിക്കാം ചെങ്ങന്നൂരിന്റെ മനസ്സറിയാൻ.