LiveTV

Live

Kerala

"സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരക്കൊപ്പം"; ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് കോടിയേരി

"സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരക്കൊപ്പം"; ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് കോടിയേരി
Summary
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരയ്ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച കോടിയേരി കുടുംബത്തിന് ധനസഹായവും ഭാര്യക്ക് ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ടു. വരാപ്പുഴയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്നോടിയായാണ് കോടിയേരി ശ്രീജിത്തിന്റെയും വാസുദേവന്റെയും വീട് സന്ദര്‍ശിച്ചത്.

ശ്രീജിത്തിന്റെ വീട്ടിലെത്തിയ കോടിയേരി ബന്ധുക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ശ്രീജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. പാര്‍ട്ടിയും സര്‍ക്കാരും ഇരകള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കോടിയേരി ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച ശ്രീജിത്തിന്റെ അമ്മയുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കോടതി തീരുമാനിക്കട്ടെയെന്ന് കോടിയേരി മറുപടി പറഞ്ഞു. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വമല്ലെന്നും
മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രചാരവേല നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും ശ്രീജിത്തിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യണമെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി വ്യക്തമാക്കി.