LiveTV

Live

Kerala

സൌമ്യയുടെ വഴിവിട്ട ജീവിതമാണ് പിരിയാന്‍ കാരണമെന്ന് മുന്‍ ഭർത്താവ് കിഷോര്‍

സൌമ്യയുടെ വഴിവിട്ട ജീവിതമാണ് പിരിയാന്‍ കാരണമെന്ന് മുന്‍ ഭർത്താവ്  കിഷോര്‍
Summary
ഇത് താന്‍ ചോദ്യം ചെയ്തപ്പോള്‍ സൌമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കിഷോര്‍

പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൌമ്യയുടെ മുന്‍ ഭർത്താവ് കിഷോറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൌമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്‍ കാരണമെന്നാണ് കിഷോറിന്‍റെ മൊഴി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സൌമ്യയെ ഇന്ന് പൊലീസ് കോടതിയില്‍ ഹാജരാക്കും.

ആദ്യ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുളള സൌമ്യയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കിഷോറിനെ അന്വേഷണ സംഘം ഇന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തത്. പതിനെട്ട് വയസുളളപ്പോഴാണ് സൌമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നും വിവാഹം നിയമപരമായി രജിസ്ട്രര്‍ ചെയ്തിരുന്നില്ലെന്നും കിഷോര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സൌമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിവാക്കാന്‍ കാരണം. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും വഴിവിട്ട ജീവിതം താന്‍ ചോദ്യം ചെയ്തപ്പോള്‍ സൌമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കിഷോര്‍ മൊഴി നല്കി.

ഇതിനിടെ സൌമ്യയുമായി ബന്ധമുണ്ടായിരുന്ന നാല് പേരെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സൌമ്യയെ ഇന്ന് ഉച്ചക്ക് ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കും. സൌമ്യക്ക് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന. തലശേരി സ്വദേശിയായ സൌമ്യയുടെ സുഹൃത്താണ് ആളൂരിനെ കേസ് ഏല്‍പ്പിച്ചതെന്നാണ് വിവരം.