LiveTV

Live

Kerala

പിണറായിയിലെ ദുരൂഹ മരണ പരമ്പര: മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

പിണറായിയിലെ ദുരൂഹ മരണ പരമ്പര: മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍
Summary
കണ്ണൂര്‍ പിണറായിയില്‍ ദുരൂഹ സാഹചര്യത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.

കണ്ണൂര്‍ പിണറായിയില്‍ ദുരൂഹ സാഹചര്യത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലുണ്ടായ മരണങ്ങളില്‍ മകള്‍ സൌമ്യയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, കസ്റ്റഡിയിലുളള സൌമ്യയുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൌമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തലശേരി എഎസ്പിയുടെ ഓഫീസിലെത്തിച്ച സൌമ്യയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്ത് വരികയാണ്. ഉച്ചക്ക് ശേഷം സൌമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അലുമിനിയം ഫോസ്ഫൈഡ് എന്ന രാസവസ്തു ശരീരത്തില്‍ എത്തിയതാണ് കുഞ്ഞിക്കണ്ണന്‍റെയും ഭാര്യയുടെയും മരണ കാരണം എന്ന് ഇവരുടെ ആന്തരിക അവയവ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് സൌമ്യയുടെ മൂത്ത മകള്‍ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു.

സൌമ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. കഴിഞ്ഞ ജനുവരി 21നാണ് സൌമ്യയുടെ മൂത്ത മകള്‍ ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. തൊട്ട് പിന്നാലെ മാര്‍ച്ച് ഏഴിന് സൌമ്യയുടെ അമ്മ വടവതി കമലയും ഏപ്രില്‍13ന് പിതാവ് കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചു. 2012 ജനുവരിയില്‍ സൌമ്യയുടെ ഇളയകുട്ടിയായ ഒരു വയസുളള കീര്‍ത്തനയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചിരുന്നു.

തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൌമ്യയുടെ കസ്റ്റഡിയില്‍ എത്തിയത്. മരണങ്ങള്‍ കൊലപാതകങ്ങളാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.