LiveTV

Live

Kerala

കുടിൽകെട്ടിസമരം: സിപിഎമ്മിനെതിരെ ആദിവാസി കുടുംബങ്ങള്‍

കുടിൽകെട്ടിസമരം: സിപിഎമ്മിനെതിരെ ആദിവാസി കുടുംബങ്ങള്‍
Summary
ഭൂമി സ്വന്തമായി ലഭിച്ചില്ലെങ്കിലും കേസ് നടത്തിപ്പിനെന്ന പേരില്‍ പാര്‍ട്ടി നേതാക്കള്‍ പണം വാങ്ങിയെന്നാണ് ആദിവാസി കുടുംബത്തിന്‍റെ പരാതി

മിച്ചഭൂമി പതിച്ചു കിട്ടാൻ സിപിഎം നിർദ്ദേശ പ്രകാരം കോഴിക്കോട് വാണിമേലില്‍ കുടിൽകെട്ടി താമസമാക്കിയവർ പാർട്ടിക്കെതിരെ രംഗത്ത്. ഭൂമി സ്വന്തമായി ലഭിച്ചില്ലെങ്കിലും കേസ് നടത്തിപ്പിനെന്ന പേരില്‍ പാര്‍ട്ടി നേതാക്കള്‍ പണം വാങ്ങിയെന്നാണ് ആദിവാസി കുടുംബത്തിന്‍റെ പരാതി. ആരോപണങ്ങള്‍ സിപിഎം പ്രാദേശിക നേതൃത്വം തള്ളി.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഭവനരഹിതരായ 48 കുടുംബങ്ങളെയാണ് 2012ല്‍ വാണിമേല്‍ വളാംതോട്ടില്‍ സിപിഎം കുടില്‍കെട്ടി താമസിപ്പിച്ചത്. രണ്ടേ മുക്കാല്‍ ഏക്കര്‍ വരുന്ന സ്ഥലം പതിച്ചു കിട്ടാതെ വന്നതോടെ ഭൂരിഭാഗം കുടുംബങ്ങളും മടങ്ങിപ്പോയി. നാല് കുടുംബങ്ങളാണ് സമരഭൂമിയില്‍ ബാക്കിയുള്ളത്. ഇവരില്‍ നിന്ന് കേസ് നടത്തിപ്പിനായി 10000 രൂപ പാര്‍ട്ടി നേതാക്കള്‍ വാങ്ങിയെന്നാണ് പരാതി.

പുറമ്പോക്കിലും മറ്റും താമസിച്ചിരുന്നവരാണ് ഇവിടെ ഭൂമിയും വീടും മോഹിച്ച് എത്തിയത്. സമരത്തിന്‍റെ ആദ്യ നാളുകളില്‍ സഹായിച്ച സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് പിന്നീട് വേണ്ടത്ര ഇടപെടല്‍ ഉണ്ടായില്ല. ഭൂമി കിട്ടാതെ വരുകയും പണം കൂടി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇവര്‍ പാര്‍ട്ടിക്ക് എതിരെ തിരിഞ്ഞത്. എന്നാല്‍ യാതൊരു പണപിരിവും നടത്തിയിട്ടില്ലെന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നിലപാട്.