LiveTV

Live

Kerala

ചെറുകിട കുപ്പിവെള്ള കമ്പനികളെ തകര്‍ക്കാനൊരുങ്ങി ഒരു വിഭാഗം വ്യാപാരികളും കുത്തക കമ്പനികളും 

ചെറുകിട കുപ്പിവെള്ള കമ്പനികളെ തകര്‍ക്കാനൊരുങ്ങി ഒരു വിഭാഗം വ്യാപാരികളും കുത്തക കമ്പനികളും 
Summary
വിലകുറച്ച ചെറുകിട കമ്പനികളെ ബഹിഷ്ക്കരിക്കാനാണ് ഒരു വിഭാഗം വ്യാപാരികളുടെ തീരുമാനം

കുപ്പി വെളളത്തിന് വിലകുറക്കാന്‍ തീരുമാനിച്ചതിന് ചെറുകിട കുപ്പിവെളള കമ്പനികളെ തകര്‍ക്കാനുള്ള നീക്കത്തിലാണ് ഒരുവിഭാഗം വ്യാപാരികളും കുത്തക കമ്പനികളും. വിലകുറച്ച ചെറുകിട കമ്പനികളെ ബഹിഷ്ക്കരിക്കാനാണ് ഒരു വിഭാഗം വ്യാപാരികളുടെ തീരുമാനം. കൂടുതല്‍ കമ്മീഷന്‍ നല്‍കാന്‍ തയാറായ കുത്തക കമ്പനികളുടെ പിന്തുണയോടെയാണ് ഈ നീക്കം. കുപ്പിവെള്ള വില കുറക്കാനുള്ള തീരുമാനമാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ചേര്‍ന്ന കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്ച്വറിങ്ങ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗമാണ് ഒരു ലിറ്റര്‍ കുപ്പിവെളളത്തിന്‍റെ വില 20 രൂപയില്‍നിന്ന് പന്ത്രണ്ടായി കുറക്കാന്‍ തീരുമാനമെടുത്തത്.

ലോക ജലദിനമായ മാര്‍ച്ച് 22 മുതല്‍ പുതുക്കിയ വില നിലവില്‍വരുമെന്ന പ്രഖ്യാപനവും വന്നു.140 ഓളം കുപ്പിവെളള നിര്‍മ്മാണ കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍112 കമ്പനികളാണ് കെ.ബി.ഡബ്ല്യു.എയില്‍ അംഗങ്ങളായുളളത്. നിലവില്‍7രൂപ 50പൈസക്ക് ലഭിക്കുന്ന ഒരുലിറ്റര്‍ കുപ്പിവെളളമാണ് വ്യാപാരികള്‍20 രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതായത് ഒരു ലിറ്റര്‍ വെളളത്തിന്മേല്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നത് 12 രൂപ അന്‍പത് പൈസ. സംഘടനയുടെ തീരുമാനം അനുസരിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം ചെറുകിട കുപ്പിവെളള നിര്‍മ്മാതാക്കളും എം.ആര്‍.പി 12 ആയി കുറച്ചു.

എന്നാല്‍ വ്യാപാരികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വന്‍കിട കുപ്പിവെളള കമ്പനികള്‍ തീരുമാനത്തില്‍നിന്ന് പിന്മാറി. ഒപ്പം വില കുറച്ച ചെറുകിട കമ്പനികളുടെ കുപ്പിവെളളം വ്യാപാരികള്‍ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇതോടെയാണ് സംസ്ഥാനത്തെ ചെറുകിട കുപ്പിവെളള കമ്പനികള്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലായത്. ഒരു വിഭാഗം വ്യാപാരികളുമായി ഒത്തുകളിച്ച് കേരളത്തിലെ കുപ്പിവെളള വിപണി കയ്യടക്കാനുളള ചില കുത്തക കമ്പനികളുടെ നീക്കമാണ് വിലകുറക്കാനുളള തീരുമാനം അട്ടിമറിക്കപ്പെട്ടതിന്‍റെ പിന്നിലുളളതെന്നും ഇവര്‍ പറയുന്നു.