LiveTV

Live

Kerala

അപ്പുക്കുട്ടന്‍ നായര്‍ക്ക് ശാരീരിക അവശത പ്രശ്നമല്ല; കൃഷിയില്‍ നൂറുമേനി

അപ്പുക്കുട്ടന്‍ നായര്‍ക്ക് ശാരീരിക അവശത പ്രശ്നമല്ല; കൃഷിയില്‍ നൂറുമേനി
Summary
പൂര്‍ണമായി ജൈവക്കൃഷി രീതി അവലംബിച്ചാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. 

ശാരീരിക അവശതയെ മറികടന്ന് കൃഷിയില്‍ നൂറുമേനി വിളയിച്ച് നാട്ടുകാരെയാകെ വിസ്മയിപ്പിക്കുന്നയാളാണ് ചാത്തനാട്ട് അപ്പുക്കുട്ടന്‍ നായര്‍. വെറുതെ കൃഷിചെയ്യുന്നതിനപ്പുറം അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ഇനങ്ങളെ തന്റെ കൃഷിത്തോട്ടത്തില്‍ നില നിര്‍ത്താനും അപ്പുക്കുട്ടന്‍ നായര്‍ ശ്രദ്ധിക്കുന്നു. പൂര്‍ണമായി ജൈവക്കൃഷി രീതി അവലംബിച്ചാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ പെരുമ്പളത്ത് പരിചയക്കാര്‍ക്കിടയില്‍ ബാബുവെന്ന് അറിയപ്പെടുന്ന അപ്പുക്കുട്ടന്‍ നായര്‍ മില്‍ തൊഴിലാളിയായിരിക്കെ ജോലിസ്ഥലത്തുണ്ടായ ഒരപകടത്തിലാണ് ഒരു കൈ നഷ്ടപ്പെട്ടത്. എന്നാല്‍ ആ വലിയ അപകടത്തിനു മുന്‍പിലും പകച്ചു നില്‍ക്കാനും തോല്‍വി സമ്മതിക്കാനും അപ്പുക്കുട്ടന്‍ നായര്‍ തയ്യാറായില്ല. കുറച്ചുകാലം മില്ലിലെ ജോലി തുടര്‍ന്നു. പിന്നീടാണ് കൃഷിയിലേക്കിറങ്ങിയത്. മനസ്സും ശരീരവും പൂര്‍ണമായി അതിലര്‍പ്പിച്ച് മണ്ണിലേക്കിറങ്ങിയപ്പോള്‍ മണ്ണ് അപ്പുക്കുട്ടന്‍ നായര്‍ക്ക് നൂറുമേനി വിളവ് നല്‍കി. ശാരീരികമായ വെല്ലുവിളികളെയൊക്കെ നേരിട്ട് പരമാവധി ജോലികള്‍ സ്വയം ചെയ്യും.

ഭാര്യക്കും അസുഖമുണ്ടെങ്കിലും കൃഷിപ്പണിയില്‍ കഴിയാവുന്നിടത്തോളം സഹായിക്കും. പെരുമ്പളത്തും സമീപ പ്രദേശങ്ങളിലുമൊക്കെ എല്ലാ ഉത്സവകാലങ്ങളിലും അപ്പുക്കുട്ടന്‍ നായരുടെ കൃഷിയിടത്തിലെ ജൈവ പച്ചക്കറി, വില്പന കേന്ദ്രങ്ങളിലെ പ്രധാന ഇനമാണ്.