LiveTV

Live

Kerala

''എന്റെ മോളാണവള്‍'' - വൈറലായി മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ്

''എന്റെ മോളാണവള്‍'' - വൈറലായി മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ്
Summary
മകള്‍ക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരിട്ട മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

ജമ്മുകശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി അരുംകൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധത്തിലാണ് രാജ്യം. അതിനിടെ, തന്റെ കുഞ്ഞിന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരു വിളിച്ച മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ്‍ബുക്ക് പോസ്റ്റ് വൈറലാകുകയാണിപ്പോള്‍. മാധ്യമപ്രവര്‍ത്തകനായ രജിത്ത് റാം ആണ് തന്റെ രണ്ടുമാസം പ്രായമുള്ള ഇളയകുഞ്ഞിന് പെണ്‍കുട്ടിയുടെ പേര് നല്‍കിയത്.

മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ മാധ്യമ പ്രവര്‍ത്തകനാണ് രജിത്ത് റാം. രജിത്തിന്റെ രണ്ടുമക്കളില്‍ ഇളയവള്‍ക്കാണ് പേര് നല്‍കിയിരിക്കുന്നത്. ''പേരിട്ടു… എന്റെ മോളാണവള്‍'' എന്ന കുറിപ്പിനൊപ്പം, കുഞ്ഞിന്റെ ചിത്രവും രജിത് പങ്കുവെച്ചിരിക്കുന്നു. അതോടെ സംഭവം നവമാധ്യമങ്ങള്‍ ഏറ്റെടുക്കയായിരുന്നു. ഫെയ്‌സബുക്കില്‍ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം തന്നെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. 22,000ത്തിനു മുകളില്‍ ലൈക്കും 15,100ലധികം ഷെയറും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രജിത്തിന്റെ ഐക്യദാര്‍ഢ്യത്തെ പിന്തുണച്ചും കുഞ്ഞിന് ആശംസ അറിയിച്ചും നിരവധി കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.