LiveTV

Live

Kerala

മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം

മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം
Summary
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍.

മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥിളുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി. ഇവര്‍ ചട്ടവിരുദ്ധമായാണ് പ്രവേശനം നേടിയത്, കോളേജും വിദ്യാര്‍ത്ഥികളും ഒത്തു കളിച്ചെന്നും പ്രവേശന മേല്‍ നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശനം പ്രതിസന്ധയിലായ വിദ്യാര്‍ത്ഥിനിയുടെ പരാതിയും മേല്‍ നോട്ട സമിതി നല്‍കിയ സത്യവാങ്മൂലവും ചൊവ്വാഴ്ച കോടതി പരിഗണിക്കും.

2016-17 അധ്യയന വര്‍ഷം കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ്സിന് 10 വിദ്യാര്‍ത്ഥികള്‍ നേടിയ പ്രവേശനം ക്രമവിരുദ്ധമാണെന്ന് പ്രവേശന മേല്‍ നോട്ട സമിതിയായ ജെയ്സ് കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായിരുന്ന 7.9.16 നുള്ളില്‍ വിദ്യാര്‍‌ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചില്ല. 24 ആം തിയ്യതിയാണ് രേഖകളുടെ ഹാര്‍ഡ് കോപ്പി സമര്‍പ്പിച്ചത്. അതിനാല്‍ പ്രവേശനം നിലനില്‍ക്കില്ലെന്നും സമിതി കണ്ടെത്തി. ഇതോടെ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥിളില്‍ ഒരാളായ അനിറ്റാ ജോബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതോടെ സുപ്രീം കോടതിയിലെത്തുകയായിരുന്നു.

ഈ കേസിലാണ് പ്രവേശന മേല്‍ നോട്ട സമിതി സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്ല, കോളേജുമായി ഒത്തു കളിക്കുകയാണ്. ക്രമവിരുദ്ധമായ ഈ പ്രവേശനം റദ്ദാക്കണമെന്ന് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. എന്നാല്‍ ഒഴിവ് വന്ന സീറ്റുകളിലേക്ക് നീറ്റ് റാങ്ക് അനുസരിച്ച് സ്പോട്ട് അഡ്മിഷന്‍ നേടുകയായിരുന്നുവെന്നും അതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നുമാണ് വിദ്യാര്‍‌ത്ഥികളുടെ വാദം. ചൊവ്വാഴ്ച ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കും.