LiveTV

Live

Kerala

മത പ്രബോധകന്‍മാര്‍ക്കെതിരായ കേസുകള്‍: മുസ്‍ലിം സംഘടനകള്‍ മുഖ്യമന്ത്രിയെ കാണും

മത പ്രബോധകന്‍മാര്‍ക്കെതിരായ കേസുകള്‍: മുസ്‍ലിം സംഘടനകള്‍ മുഖ്യമന്ത്രിയെ കാണും
Summary
സംവരണ അട്ടിമറി, അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ച് പൂട്ടാനുള്ള നീക്കം വിഷയങ്ങളും ചര്‍ച്ചയാവും

സംവരണ അട്ടിമറി, മത പ്രബോധകന്‍മാര്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള സമുദായത്തിന്റെ ആശങ്ക മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാന്‍ മുസ്‍ലിം സംഘടനകള്‍ തീരുമാനിച്ചു. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം. ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ സംയുക്ത പ്രക്ഷോഭം നടത്താനാണ് തീരുമാനം.

സമീപകാലത്തായി ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരായി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ വിവിധ വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ജോലിക്കുള്ള സംവരണം അട്ടിമറിക്കപ്പെടുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത പ്രബോധകര്‍ക്കെതിരായി കേസുകള്‍ ചുമത്തപ്പെടുന്നു. മദ്യത്തിന്റെ വ്യാപനവും ആശങ്കയുളവാക്കുന്നതാണ്. യോഗശേഷം നേതാക്കള്‍ പറഞ്ഞു

അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ച് പൂട്ടാനുള്ള നീക്കം മലബാര്‍ മേഖലയെ സാരമായി ബാധിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യവും ഉന്നയിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്, ഡോക്ടര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നഖ്‍വി തുടങ്ങിയവര്‍ പങ്കെടുത്തു. എ പി സുന്നി വിഭാഗത്തിന്റെ ഒഴികെയുള്ള വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു.