LiveTV

Live

Kerala

വിവാഹ വീഡിയോകളിലുള്ള സ്ത്രീകളുടെ ചിത്രങ്ങളില്‍ മോര്‍ഫിംഗ് നടത്തിയതായി പരാതി

വിവാഹ വീഡിയോകളിലുള്ള സ്ത്രീകളുടെ ചിത്രങ്ങളില്‍ മോര്‍ഫിംഗ് നടത്തിയതായി പരാതി
Summary
വടകരയിലെ സദയം സ്റ്റുഡിയോവിലെ ജീവനക്കാരന്‍ ബബീഷിന്റെ നേതൃത്വത്തില്‍ വിവാഹ വിഡീയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതായാണ് പരാതി.

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ അടര്‍ത്തി മാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ പരാതികള്‍. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മൂന്ന് സംഘങ്ങളായാണ് അന്വേഷണം. പ്രധാന പ്രതിയെയും കട ഉടമകളേയും കണ്ടെത്തുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായി റൂറല്‍ എസ്‍പി അറിയിച്ചു.

കോഴിക്കോട് വടകരയിലെ സദയം സ്റ്റുഡിയോവിലെ ജീവനക്കാരന്‍ ബബീഷിന്റെ നേതൃത്വത്തില്‍ വിവാഹ വിഡീയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതായാണ് പരാതി. പരാതികളുടെ എണ്ണം കൂടിയതോടെയാണ് മൂന്ന് പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി വടകര റൂറല്‍ എസ് പി നിയോഗിച്ചത്. വനിതാ സിഐക്കാണ് അന്വേഷണ ചുമതല. പ്രധാന പ്രതി ബബീഷിനെയും സ്ഥാപന ഉടമകളും സഹോദരങ്ങളുമായ സതീശന്‍, ദിനേശന്‍ എന്നിവരെ പിടികൂടുന്നതിനായി വടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനെയും നിയോഗിച്ചു.

സ്റ്റുഡിയോവില്‍ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് നിരവധി സത്രീകളുടെ ചിത്രങ്ങള്‍ ലഭിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. സൈബര്‍ സെല്ലിന്റെ സേവനവും പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യവുമായി വിവിധ സംഘടനകളും രംഗത്ത് എത്തി .