LiveTV

Live

Kerala

പാലക്കാട് ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

പാലക്കാട് ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു
Summary
മഴനിഴല്‍ പ്രദേശങ്ങളായ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ കുഴല്‍ക്കിണറിലും വെള്ളം ലഭ്യമല്ല

വേനല്‍ക്കാലമെത്തിയതോടെ പാലക്കാട് ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മഴനിഴല്‍ പ്രദേശങ്ങളായ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ കുഴല്‍ക്കിണറിലും വെള്ളം ലഭ്യമല്ല. ഇതോടെ ടാങ്കര്‍ ലോറികളില്‍ വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കഴിയുന്നത്.

കേരളത്തില്‍ തന്നെ ഏറ്റവും രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ പെട്ട വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകള്‍. വടകരപ്പതി പഞ്ചായത്തിലെ മോനോന്‍പാറ എന്ന പ്രദേശത്തില്‍ നിന്നുള്ള കാഴ്ചയാണിത്. മലമ്പുഴയില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ നിന്നെത്തിക്കുന്ന ഈ വെള്ളമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം. ജോലിക്ക് പോലും പോകാതെ, ക്യൂ നിന്നാല്‍ പത്തോ പതിനഞ്ചോ കുടം വെള്ളം കിട്ടും. അത് കൊണ്ട് രണ്ട് ദിവസം കഴിയണം.

പ്രദേശത്ത് ആയിരത്തോളം കുഴല്‍ക്കിണറുകളുണ്ട്. പക്ഷെ ഒന്നില്‍ പോലും വെള്ളമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്ത് കുഴല്‍ കിണര്‍ വഴി വിതരണം ചെയ്യുന്ന വെള്ളവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മലമ്പുഴയില്‍ നിന്ന് ടാങ്കര്‍ ലോറി വഴി എത്തിക്കുന്ന വെള്ളം പോലും ചില ദിവസങ്ങളില്‍ മുടുങ്ങുന്നു. ചിലപ്പോള്‍ കുടിക്കാന്‍ കൊള്ളാത്ത വെള്ളമാണ് ലഭിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍. വടകരപ്പതിക്ക് പുറമേ, എരുത്തേമ്പതി,നെന്മാറ,കൊല്ലങ്കോട്,മുതലമട തുടങ്ങിയ പ്രദേശങ്ങളിലും സമാനമാണ് അവസ്ഥ.