LiveTV

Live

Kerala

മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ കുത്തേറ്റ് മരിച്ചു

മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ കുത്തേറ്റ് മരിച്ചു
Summary
ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്.

മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു. കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് പള്ളിയിലെ മുന്‍ കപ്യാരുടെ കുത്തേറ്റ് മരിച്ചത്. വൈദികനെ കുത്തിയ ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട മലയാറ്റൂര്‍ സ്വദേശി ജോണിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഉച്ചയോടെ കുരിശുമലയിലെ ആറാം സ്ഥലത്ത് വച്ചാണ് ഫാദര്‍ സേവ്യര്‍ തേലക്കാടിന് കുത്തേറ്റത്. കപ്യാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. കപ്യാരുടെ ചുമതല മുന്‍പ് വഹിച്ചിരുന്ന ജോണിയാണ് കൃത്യം നടത്തിയത്. ആക്രമണത്തിന് ശേഷം ഇയാള്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി മലയാറ്റൂര്‍ വനത്തില്‍ തിരച്ചില്‍ നടക്കുകയാണ്. ജോണിയെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടത് കാലിലും തുടയിലുമാണ് വൈദികന് കുത്തേറ്റത്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊച്ചി ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാദര്‍ സേവ്യർ. പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാളെയാകും സംസ്കാരം.