LiveTV

Live

Kerala

സഭഭൂമി വില്‍പന കേസില്‍ ആലഞ്ചേരി പ്രതിരോധത്തില്‍?

സഭഭൂമി വില്‍പന കേസില്‍ ആലഞ്ചേരി പ്രതിരോധത്തില്‍?
Summary
തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിനു മാത്രമാണ് അധികാരം എന്നാണ് കാനോൻ നിയമം പറയുന്നതെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കർദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ഭൂമി വില്‍ക്കാന്‍ കർദ്ദിനാളിന് പരിധിയില്ലാത്ത അധികാരമുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. സഭാ സ്വത്തുക്കളുടെ ഉത്തരവാദിത്തം കർദ്ദിനാളിനെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ കേസ് നിലനില്‍ക്കുമെന്നും കോടതി. കേസ് അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കർദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി സുപ്രാധാന നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. സഭയുടെ കനോനിക നിയമങ്ങളനുസരിച്ച് പോപ്പിന് മാത്രമാണ് തനിക്കെതിരെ നടപടിയെടുക്കാന്‍ അധികാരമെന്ന് കർദ്ദിനാളിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ പോപ്പിന് ഇന്ത്യയില്‍ അധികാര പരിധിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കനോന്‍ നിയമങ്ങള്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളിലാണ് ബാധകമാവുക. ഭൂമി വില്‍ക്കാന്‍ ഫിനാന്‍ഷ്യല്‍ കൌണ്‍സിലിന്റെ അഭിപ്രായം തേടിയത് ബിഷപ്പിന് ഒറ്റക്ക് ഭൂമി വില്‍ക്കാന്‍ അധികാരമില്ലായെന്നതിന്റെ തെളിവാണ്. രാജ്യത്തിന്റെ നിയമങ്ങള്‍ കർദ്ദിനാളിന് ബാധകമാകില്ലെയെന്നും കോടതി ചോദിച്ചു. നിശ്ചയിച്ച വിലയില്‍ കുറവ് വരുത്തി ഭൂമി വില്‍ക്കാന്‍ ബിഷപ്പിന് കഴിയുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഇടപാടില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ സ്വീകരിക്കണമെന്ന് കോടതി പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.