LiveTV

Live

Kerala

അനധികൃത മദ്യവില്‍പ്പന; കേസെടുക്കുന്നതില്‍ നിയന്ത്രണം

അനധികൃത മദ്യവില്‍പ്പന; കേസെടുക്കുന്നതില്‍ നിയന്ത്രണം
Summary
അനധികൃത മദ്യവില്‍പ്പനക്കാരുടെ പേരില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേസ്സെടുക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം

അനധികൃത മദ്യവില്‍പ്പനക്കാരുടെ പേരില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേസ്സെടുക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. ഇനി മുതല്‍ കേസ് രജിസ്ട്രര്‍ ചെയ്യുന്നതിന് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണം. കേസുകളുടെ എണ്ണം കൂട്ടുന്നതിന് പകരം ബോധവത്ക്കരണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനമെന്നാണ് എക്സൈസിന്റെ വിശദീകരണം. അനധികൃത മദ്യവില്‍പ്പന,പൊതുസ്ഥലങ്ങളിലെ മദ്യപാനം,അളവിലധികം മദ്യം കൈവശം വെച്ചിരിക്കല്‍,സ്കൂള്‍-ആരാധനാലായങ്ങള്‍ എന്നിവയുടെ പരിസരത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കല്‍ തുടങ്ങിയവയിലൊന്നും നേരിട്ട് കേസെടുക്കരുതെന്നാണ് നിര്‍ദ്ദേശം.

നിയമലംഘനങ്ങള്‍ കണ്ടാല്‍ ഉദ്യോഗസ്ഥര്‍ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ശ്രദ്ധയില്‍ വിഷയം എത്തിച്ചതിന് ശേഷം അനുമതിയുണ്ടങ്കില്‍ മാത്രം കേസ് രജിസ്ട്രര്‍ ചെയ്യാവൂവെന്ന് പറയുന്നു. സൌത്ത് സോണില്‍ തിരുവനന്തപുരത്തും, സെന്‍ട്രല്‍ സോണില്‍ എറണാകുളത്തും,നോര്‍ത്ത് സോണില്‍ കോഴിക്കോടുമാണ് ജോയിന്റ് എക്സൈസ് കമ്മീഷണര്‍മ്മാരുള്ളത്. ഒരു ജോയിന്റ് എക്സൈസ് കമ്മീഷണര്‍ക്ക് നാലു മുതല്‍ ആറ് ജില്ലകളുടെ വീതം ചുമതലകള്‍ നിലവിലുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍മ്മാര്‍ സ്റ്റേഷന്‍ പരിധിയിലെ വിവരങ്ങള്‍ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തി കേസ്സെടുക്കുക എന്നത് പ്രായോഗികമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണന്ന നിലപാടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

നിലവിലെ അബ്കാരി നിയമം അനുസരിച്ച് അനധികൃത പ്രവര്‍ത്തനങ്ങളിലെല്ലാം എക്സൈസ് ഇന്‍സ്പെക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസ്സെടുക്കാം. ഈ സാഹചര്യത്തില്‍ എക്സൈസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തിനെതിരെ എക്സൈസ് മന്ത്രിക്ക് പരാതികള്‍ നല്‍കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം. കേസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് ചില വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് എക്സൈസിന്റെ വിശദീകരണം.