LiveTV

Live

Kerala

വനം വികസന കോര്‍പറേഷനില്‍ ചട്ടം മറികടന്ന് ആശ്രിത നിയമനം

വനം വികസന കോര്‍പറേഷനില്‍ ചട്ടം മറികടന്ന് ആശ്രിത നിയമനം
Summary
വനം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് വേണ്ടിയാണ് ചട്ടം അട്ടിമറിച്ചുള്ള നിയമനം. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന്.

കേരള വനം വികസന കോര്‍പറേഷനില്‍ ചട്ടം മറികടന്ന് ആശ്രിത നിയമനം. കെഎഫ്ഡിസിയില്‍ മാനേജിങ് ഡയറക്ടറായി ചീഫ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ചട്ടം അട്ടിമറിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. വനം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് വേണ്ടിയാണ് ചട്ടം അട്ടിമറിച്ചുള്ള നിയമനം. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന്.

2015 കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പി ആര്‍ സുരേഷിനെ കെഎഫ്ഡിസി എംഡിയായി നിയമിച്ചുകൊണ്ട് ഇന്നലെ ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റാണ് സുരേഷ്. 2005ലെ കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഗ്രേഡില്‍ കുറയാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് എംഡിയായി നിയമിക്കേണ്ടത്. എന്നാല്‍ ചട്ടം അട്ടിമറിക്കാനായി കെഎഫ്ഡിസി എംഡിയുടെ തസ്തിക ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് തുല്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയാണ് വനം വകുപ്പ് ചെയ്തത്. സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാതെ ഈ ഉത്തരവ് നിലനില്‍ക്കില്ല. ഫലത്തില്‍ നിയമവിരുദ്ധമായ നിയമനമാണ് പിആര്‍ സുരേഷിന്റേത്. എന്നാല്‍ ഇങ്ങനെയൊരു ചട്ടമില്ലെന്നാണ് വനം മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

മുന്‍കാലങ്ങളില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരാണ് എംഡിയായിരുന്നിട്ടുള്ളതെങ്കിലും അതൊരു നിര്‍ബന്ധമല്ലെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു. സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് പി ആര്‍ സുരേഷിന് 2015 ല്‍ ഐഎഫ്എസ് പദവി ലഭിക്കുന്നത്. കെഎഫ്ഡിസി ജനറല്‍ മാനേജര്‍ക്ക് പോലും യോഗ്യത കണ്‍സര്‍വേറ്റര്‍ ആണെന്നിരിക്കെയാണ് എംഡിയായി വനം മന്ത്രിയുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിനെ നിയമിച്ചിരിക്കുന്നത്.