LiveTV

Live

Kerala

തോമസ് ഐസക്കിനെതിരെ ആലപ്പുഴ സിപിഐ

 തോമസ് ഐസക്കിനെതിരെ ആലപ്പുഴ  സിപിഐ
Summary
കയര്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് സമ്പൂര്‍ണ പരാജയം

ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ കടന്നാക്രമിച്ച് സി പി ഐ ആലപ്പുഴ ജില്ലാ നേതൃത്വം. കയര്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് സമ്പൂര്‍ണ പരാജയമാണെന്ന് സി പി ഐ ആരോപിച്ചു. കയര്‍ മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇടപെട്ട് യോഗം വിളിക്കണമെന്ന് ആവശ്യപ്പെടും. സി പി ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

കയര്‍ മേഖലയില്‍ ഒരു പാട് പണം ചെലവഴിച്ചെങ്കിലും മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെന്നും ആലപ്പുഴയുടെ ജീവനാഡിയായ ചെറുകിട കയറുല്പാദന മേഖല കടുത്ത പ്രതിസന്ധിയിലാണെന്നുമാണ് സി പി ഐ നേതൃത്വം ആരോപിക്കുന്നത്. ഇതിന് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി മുഖ്യമന്ത്രി ഇടപെട്ട് കയര്‍മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളുടെയും സംഘടനകളുടെയും യോഗം വിളിക്കണമെന്നാണ് സി പി ഐയുടെ ആവശ്യം.

കയര്‍മേഖലയിലെ പ്രതിസന്ധി സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രധാന വിഷയമായിത്തന്നെ ചര്‍‍‍ച്ച ചെയ്യുമെന്ന് സി പി ഐ നേതൃത്വം പറയുന്നു. കയര്‍ വകുപ്പിനെതിരെയും വകുപ്പു മന്ത്രി തോമസ് ഐസക്കിനെതിരെയും വലിയ പ്രതിഷേധം സി പി ഐ സമ്മേളനത്തില്‍ ഉയരുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.