LiveTV

Live

Kerala

പെന്‍ഷന്‍ മുടങ്ങി; ചികിത്സക്ക് പണിമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

Summary
കൊച്ചി വൈപ്പിനിലെ വിവി റോയിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സക്ക് പോലും പണമില്ലാതെ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കൂടി മരണത്തിന് കീഴടങ്ങി. കൊച്ചി വൈപ്പിനിലെ വിവി റോയിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. 34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ സേവനമനുഷ്ഠിച്ച റോയിക്ക് ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും പരാതിയുണ്ട്.

സര്‍വീസില്‍ നിന്ന് പിരിയുമ്പോള്‍ റോയി എറണാകുളം ബോട്ട് ജെട്ടി ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്നു. എന്നാല്‍ നീണ്ട സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് പോകുമ്പോള്‍ ബാക്കിയായത് രോഗങ്ങള്‍ മാത്രം. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ സര്‍വീസിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് നീണ്ട നിയമയുദ്ധം. നീണ്ട കാലത്തെ സര്‍വീസുണ്ടെങ്കിലും രണ്ട് പെണ്‍കുട്ടികളും ഭാര്യയും രോഗിയായ അമ്മയും അടങ്ങിയ കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ റോയി പാടുപെട്ടിരുന്നു.

ഒടുവില്‍ തുടര്‍ച്ചയായി അഞ്ച് മാസം പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഹൃദ്രോഗത്തിന് വേണ്ട ചികിത്സ നേടാനും സാധിച്ചില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന പേരില്‍ സൌജന്യ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്തു. 34 വര്‍ഷം കൊണ്ട് നല്ലൊരു കിടപ്പാടം വെക്കാന്‍ പോലും റോയിക്ക് കഴിഞ്ഞില്ല. സ്വപ്നങ്ങള്‍ ബാക്കിയാക്കി സര്‍ക്കാര്‍ പണത്തിന് കാത്തു നില്‍ക്കാതെ റോയി യാത്രയാവുകയാണ്.