LiveTV

Live

Kerala

മജ്ജ മാറ്റിവെക്കാന്‍ ചെലവ് 40 ലക്ഷം, നാലുവയസുകാരിക്കുവേണ്ടി കൈകോര്‍ത്ത് കൂരാച്ചുണ്ട്

മജ്ജ മാറ്റിവെക്കാന്‍ ചെലവ് 40 ലക്ഷം, നാലുവയസുകാരിക്കുവേണ്ടി കൈകോര്‍ത്ത് കൂരാച്ചുണ്ട്
Summary
ലോട്ടറികടയിലെ ദിവസക്കൂലിക്കാരനായ ശ്രീനന്ദയുടെ അച്ഛന് താങ്ങാവുന്നതിലേറെയാണ് 40 ലക്ഷം രൂപയെന്ന ചികിത്സ ചെലവ്. ഇതിനെ തുടര്‍ന്നാണ് ഒരു നാട് തന്നെ ശ്രീനന്ദക്ക് വേണ്ടി ഫണ്ട് ശേഖരിക്കാന്‍ ഇറങ്ങിയത്.

അടിയന്തര ശസ്ത്രക്രിയ ആവശ്യമായ നാല് വയസ്സുകാരിയുടെ ജീവന്‍ നിലനിര്‍ത്താനായി കൈകോര്‍ക്കുകയാണ് ഒരു നാട്. കൂരാചുണ്ടിലെ കിഴക്കയില്‍ മീത്തല്‍ ശശിയുടെ മകള്‍ ശ്രീനന്ദയുടെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക ശേഖരിക്കാനാണ് നാട്ടിലെ കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ രംഗത്തെത്തിയത്. 40 ലക്ഷം രൂപയാണ് ശ്രീനന്ദയുടെ ചികിത്സക്കാവശ്യം.

മജ്ജയിലെ സ്‌റ്റെം കോശങ്ങള്‍ നശിക്കുന്ന എപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ് നാലുവയസ്സുകാരി ശ്രീനന്ദക്ക്. മജ്ജമാറ്റിവെക്കുക മാത്രമാണ് ശ്രീനന്ദയുടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗമായി ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടുന്നത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീനന്ദ. ലോട്ടറികടയിലെ ദിവസക്കൂലിക്കാരനായ ശ്രീനന്ദയുടെ അച്ഛന് താങ്ങാവുന്നതിലേറെയാണ് 40 ലക്ഷം രൂപയെന്ന ചികിത്സ ചെലവ്. ഇതിനെ തുടര്‍ന്നാണ് ഒരു നാട് തന്നെ ശ്രീനന്ദക്ക് വേണ്ടി ഫണ്ട് ശേഖരിക്കാന്‍ ഇറങ്ങിയത്.

കുടുംബശ്രീ പ്രവര്‍ത്തകരടക്കം നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരേ ദിവസം ശ്രീനന്ദക്ക് വേണ്ടി സഹായം തേടിയത്. ഈ രീതിയിലുള്ള ഫണ്ട് ശേഖരണത്തിലൂടെ 40 ലക്ഷം രൂപ സംഭരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ക്കുമറിയാം. മറ്റുള്ളവരും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ശ്രീനന്ദയുടെ കുടുംബവും കൂരാചുണ്ടുകാരും.